Skip to main content

വിജയകുമാര്‍ മേനോന്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു

 

 

വിജയകുമാര്‍ മേനോന്‍ പുരസ്‌കാരങ്ങള്‍ കലയിലെ ഗുരുപൂജയാണെന്ന് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. എസ്. പ്രകാശ് മൂര്‍ത്തി.  കേരള ലളിതകലാ അക്കാദമിയും വിജയകുമാര്‍ മേനോന്‍ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച വിജയകുമാര്‍ മേനോന്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 1ന് തൃശ്ശൂരിലെ കേരള ലളിതകലാ അക്കാദമി മുഖ്യ കാര്യാലയത്തില്‍ നടന്ന വിജയകുമാര്‍ മേനോന്‍ അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ് നിര്‍വ്വഹിച്ചു.

കലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള വിജയകുമാര്‍ മേനോന്‍ പുരസ്‌കാരം പ്രൊഫ. കാട്ടൂര്‍ നാരായണപിള്ളയും, കലയെഴുത്തിനുള്ള പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ പി. സുരേന്ദ്രനും അക്കാദമി ചെയര്‍മാന്‍ പ്രൊഫ. എസ്. പ്രകാശ് മൂര്‍ത്തിയില്‍ നിന്നും ഏറ്റുവാങ്ങി. 25,000/- രൂപയും, പ്രശസ്തി പത്രവും, ശില്പി സുഭാഷ് വിശ്വനാഥന്‍ ഡിസൈന്‍ ചെയ്ത ശില്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. വിജയകുമാര്‍ മേനോന്‍ സ്മാരക സമിതി നല്‍കുന്ന കലാചരിത്ര ഗവേഷണത്തിനുള്ള ജൂനിയര്‍ ഫെല്ലോഷിപ്പ് ഡോ. അഭിജിത് എസ്. പിള്ളയ്ക്കും വിമന്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റ്‌സ് കളക്റ്റീവ് ഏര്‍പ്പെടുത്തിയ കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ജാസില ലുലു പി.പി.ക്കും സമ്മാനിച്ചു. രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് പ്രിന്‍സിപ്പാള്‍ പ്രൊഫ. മനോജ് വൈലൂര്‍ 'ശിഖരം' ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തെ അക്കാദമി സെക്രട്ടറി വൈക്കം എം. കെ. ഷിബു, പൊന്നാട അണിയിച്ച് ആദരിച്ചു. കലാചരിത്ര അധ്യാപകന്‍ പ്രൊഫ. സി. എസ്. ജയറാം വിജയകുമാര്‍ മേനോനെ കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.  

അക്കാദമി ചെയര്‍മാന്‍ പ്രൊഫ. എസ്. പ്രകാശ് മൂര്‍ത്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമി അക്കാദമി വൈസ് ചെയര്‍മാന്‍ ടി.ആര്‍. ഉദയകുമാര്‍, സെക്രട്ടറി വൈക്കം എം. കെ. ഷിബു, കലാചരിത്ര അധ്യാപിക ഡോ. കവിത ബാലകൃഷ്ണന്‍, വിജയകുമാര്‍ മേനോന്‍ സ്മാരക സമിതി ചെയര്‍പേഴ്‌സണ്‍ ലതാദേവി എന്‍.ബി, സെക്രട്ടറി ലക്ഷ്മി മേനോന്‍, ട്രഷറര്‍ നിര്‍മ്മല്‍ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.

'ശിഖരം' കലാപ്രദര്‍ശനം നവംബര്‍ 7ന് സമാപിക്കും.

date