Skip to main content

ജില്ലയുടെ വികസനം; ആശയ രൂപീകരണ വേദിയായി സംവാദം

 

പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംസ്ഥാന ആസുത്രണബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന  വികസന കാഴ്ചപ്പാട്- ആശയസമാഹരണ പരിപാടി ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ കൊണ്ട് ശ്രദ്ധേയമായി. വരുന്ന പഞ്ചവത്സര പദ്ധതിയില്‍ തദ്ദേശ പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും അനിവാര്യമായ മാറ്റം വരുത്തുന്നതിനായി ആസൂത്രണ ബോര്‍ഡ് ഒരുക്കിയ അവസരമണ് ജില്ലയുടെ വികസന കാഴ്ചാടുകള്‍ വിശദീകരിക്കുന്നതിനുള്ള വേദിയായത്. നാടിന്റെ  വികസനത്തിലേക്ക് വാതില്‍ തുറക്കുന്ന നിര്‍ദ്ദേശങ്ങളാണ് ജനപ്രതിനിധികളും വിവിധ വകുപ്പ്തല മേധാവികളും ആസൂത്രണബോര്‍ഡ് മുമ്പാകെ പങ്കുവെച്ചത്. വിനോദ സഞ്ചാരം, കാര്‍ഷിക മേഖലകള്‍, പശ്ചാത്തല വികസനം, വിമാനത്താവള വികസനം ആരോഗ്യരംഗം തുടങ്ങി ജില്ല നേരിടുന്ന പ്രധാന വിഷയങ്ങളിലെല്ലാം ഊന്നിയ നിര്‍ദ്ദേശങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവച്ചു.

വിനോദ സഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്തണം

ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളും ജില്ലയിലുണ്ടെങ്കിലും ഇതിന് അനുസരിച്ച് വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പറഞ്ഞു. നാടന്‍കലകള്‍, പരമ്പരഗാത വ്യവസായങ്ങള്‍ , ഉള്‍നാടന്‍ ജലാശയങ്ങള്‍ തുടങ്ങിയവയെല്ലാം കോര്‍ത്തിണക്കിയുള്ള വിനോദ സഞ്ചാര പാതകളും ഇടനാഴികളും അനിവാര്യമാണ്. വിനോദ സഞ്ചാര മേഖല തുറന്നിടുന്നത് അനന്തസാധ്യതകളാണ്. അഭ്യന്തര വിദേശ വിനോദ സഞ്ചാരികളെ ഇവിടേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഇതുവഴി നാടിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടും. തദ്ദേശീയ തലത്തില്‍ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കാനും ഇതില്‍ നിന്നുള്ള വരുമാനം തദ്ദേശീയാടിസ്ഥാനത്തില്‍ തന്നെ പങ്കിടാനും പദ്ധതികള്‍ വേണം. പൈതല്‍മല, പാലക്കയം തട്ട് തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും  വികസന പദ്ധതികള്‍ നടപ്പാക്കണമെന്ന് ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍മാന്‍ ഇ.വി.രാമകൃഷ്ണന്‍ പറഞ്ഞു. തീര്‍ത്ഥാടക ടൂറിസത്തിനും സാധ്യതകള്‍ ഇവിടെയുണ്ട്. പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന കൊട്ടിയൂര്‍ അമ്പലം, തളിപ്പറമ്പ് രാജരാജ്വേശരി ക്ഷേത്രം, പറശ്ശിനിക്കടവ് തുടങ്ങിയ ക്ഷേത്രങ്ങളെയെല്ലാം ബന്ധിപ്പിച്ച് പില്‍ഗ്രിം ടൂറിസ്റ്റ് സര്‍ക്യൂട്ട് കൊണ്ടുവരണമെന്ന് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് ആവശ്യപ്പെട്ടു. ഉള്‍നാടന്‍ ജലടൂറിസം, ഫാം ടൂറിസം, സൂ സഫാരി പാര്‍ക്ക് എന്നിവയെല്ലാം യാഥാര്‍ത്ഥ്യമാകണം.

വളരണം വിമാനത്താവളം

ജില്ലയില്‍ ഏറെ പ്രതീക്ഷയോടെയാണ് വിമാനത്താവളം യാഥാര്‍ത്ഥ്യമായത്. എന്നാല്‍ വിമാനങ്ങളുടെ കുറവും യാത്രക്കാരുടെ കുറവും കണ്ണൂര്‍ വിമാനത്താവളത്തിനെ നിറം കെടുത്തുകയാണ്. ഇതിനുള്ള മാറ്റം അനിവാര്യമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തളിപ്പറമ്പ് എം.എല്‍.എ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് കൂടി വിമാനത്താവളത്തിന്റെ വികസനം പ്രയോജനകരമാണ്. ഇവിടുത്തെ കാര്‍ഷിക ഉത്പന്നങ്ങളും പഴവര്‍ഗ്ഗങ്ങളും ആഗോളമായി വിപണനം ചെയ്യാനും ഇതിലൂടെ സമ്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കാനും കഴിയും. സഞ്ചാരികളും വിമാനങ്ങളുടെ ആഗമനങ്ങളും നാടിന്റെ വികസനത്തിന് ശക്തിപകരും. ഇതിനായുള്ള നടപടികള്‍ പദ്ധതികള്‍ തുടങ്ങിയവയെല്ലാം ആസൂത്രണം ചെയ്യപ്പെടണം. ഗ്രാമീണ റോഡുകളുടെയും പശ്ചാത്തല സൗകര്യങ്ങളുടെയും വികസനം ജില്ലയുടെ ലക്ഷ്യമാണ്. ഇതിനായുള്ള നിലവിലുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശന്‍ ആവശ്യപ്പെട്ടു.

കാര്‍ഷിക ഉല്‍പാദനം കൂട്ടണം

കാര്‍ഷിക സംസ്‌കൃതി അന്യമായി മാറുന്ന  കാലത്തില്‍ നിന്നും  ജില്ലയിലെ നെല്‍പ്പാടങ്ങളും കൃഷിയിടങ്ങളും വീണ്ടെടുക്കാന്‍ പദ്ധതികള്‍ വേണം. പാടശേഖരസമിതികളെ ശക്തിപ്പെടുത്താനും തരിശ് പാടങ്ങളെയും കൃഷിയിടങ്ങളെയും വീണ്ടെടുക്കാനും പുതിയ നയരേഖകള്‍ വേണമെന്ന് വിവിധ ഗ്രാമപഞ്ചായത്തുകളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും ആസൂത്രണബോര്‍ഡിനോട് ആവശ്യപ്പെട്ടു. പ്രതിവര്‍ഷം 1200 ലധികം ഹെകടര്‍ നെല്‍കൃഷി കുറഞ്ഞുവരുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. കൃഷിയോട് അനുബന്ധിച്ചുള്ള മറ്റു പദ്ധതികളും കൂട്ടത്തില്‍ സംയോജിപ്പിക്കാം. മൃഗസംരക്ഷണ മേഖലയിലെല്ലാം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കിയും തദ്ദേശീയ തലത്തില്‍ പദ്ധതികള്‍ ആലോചിക്കാം. സീസണില്‍ ചക്ക മാങ്ങ തുടങ്ങിയ പഴവര്‍ഗ്ഗങ്ങളുടെ സംസ്‌കരണ യൂണിറ്റുകളും ഗുണകരമാണ്. മലയോര മേഖലയിലെ വന്യമൃഗശല്യം തടയുന്നതിനും ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം.

ആരോഗ്യ മേഖല മെച്ചപ്പെടണം

ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങി അയല്‍സഭയുടെയും ഗ്രാമസഭകളുടെ ശാക്തീകരണം വരെയും വികസന ആശയ രൂപീകരണ ചര്‍ച്ചയുടെ ഭാഗമായി. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തിന്റെ നിലവിലുള്ള നടത്തിപ്പിന്റെ പരിഷ്‌കാരങ്ങളും ആവശ്യങ്ങളും ജനപ്രതിനിധികള്‍ ആസൂത്രണ ബോര്‍ഡ് മുമ്പാകെ അവതരിപ്പിച്ചു. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാനും അവസരം നല്‍കിയിരുന്നു. സാംക്രമിക രോഗ വ്യാപനം തടയുന്നതിനുള്ള സൗകര്യങ്ങള്‍, ആതുരാലയങ്ങളുടെ പരമിതികള്‍ തുടങ്ങിയവയെല്ലാം ആരോഗ്യവകുപ്പ്  ആസൂത്രണ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വികേന്ദ്രീകൃത സംവിധാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വായ്പയെടുക്കാനുള്ള നിയമ ഭേദഗതികള്‍ വേണമെന്നും സംവാദത്തില്‍ ആവശ്യം ഉയര്‍ന്നു. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരങ്ങളും പദ്ധതികളും വേണം. ജില്ലയിലെ പുഴകളും തീരദേശങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. തൊഴിലുറപ്പ് പദ്ധതി, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനുള്ള ഭേദഗതികള്‍ തുടങ്ങിയവയെല്ലാം ആവശ്യങ്ങളായി ഉയര്‍ന്നു.
 

പദ്ധതി ആസൂത്രണത്തില്‍ സമഗ്രമാറ്റം വരുത്തും

വരാനിരിക്കുന്ന പദ്ധതി ആസൂത്രണത്തില്‍ സമഗ്രമായ മാറ്റം വരുത്തുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു. കേവലം പണം ചെലവഴിക്കുന്ന സ്ഥാപനങ്ങള്‍ മാത്രമായി തദ്ദേശ  സ്ഥാപനങ്ങള്‍ മാറരുത്. വ്യക്തമായ വികസന കാഴ്ചപ്പാടുകള്‍ പദ്ധതി നിര്‍വ്വഹണത്തില്‍ ആവശ്യമാണ്. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനെല്ലാം സ്വകാര്യ പങ്കാളിത്തം കൂടി അനിവാര്യമാണെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖരന്‍ പറഞ്ഞു. വികസന മാതൃകകള്‍ക്ക് ആസൂത്രണ ബോര്‍ഡിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം സര്‍ക്കാര്‍ ചെയ്യണമെന്ന ധാരണ നല്ലതല്ല. നാടിന്റെ സമ്പദ് വ്യവസ്ഥയെ വളര്‍ത്തുകയെന്നതാണ് ആസൂത്രണബോര്‍ഡിന്റെയും ലക്ഷ്യം. ഇതിലേക്കായുള്ള ആശയ വിനിമയങ്ങള്‍ ജില്ലകള്‍ തോറും നടക്കും. ഇവയുടെ ക്രോഡീകരണമാണ് വരുന്ന പഞ്ചവല്‍സര പദ്ധതിയുടെ  വികസന പരിപ്രേക്ഷ്യമെന്നും ആസൂത്രണ ബോര്‍ഡ് അംഗം ശ്രീധര്‍ രാധാകൃഷ്ണണ്‍ പറഞ്ഞു. ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ വരുണ്‍ സന്തോഷ്, എസ്.എസ്. നാഗേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

date