Skip to main content

പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണ നടപടിക്രമങ്ങൾ വേഗത്തിലാക്കും   

ജില്ലാ  വികസന സമിതി യോഗം ചേർന്നു

പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനമായി. ഇതിനു മുന്നോടിയായി നവംബർ 13 ന് ജനപ്രതിനിധികളുടേയും വകുപ്പ് തലവന്മാരുടെയും നേതൃത്വത്തിൽ  അവലോകന യോഗം ചേരും. വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കേണ്ട വികസന പദ്ധതികളുമായി ബന്ധപ്പെട്ട ആശയങ്ങൾ വകുപ്പ് തലവന്മാർ യോഗത്തിൽ വിശദീകരിക്കണം.   

2019  ലെ പ്രളയത്തെ തുടർന്ന് കാവിലുംപാറ വില്ലേജിൽ നിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് വീടില്ലാത്ത വിഷയം യോഗം ചർച്ച ചെയ്തു. ഭവന നിർമാണത്തിനായി അനുവദിക്കുന്ന തുക ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി ലഭിക്കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കെ. എം. അഭിജിത്ത് എം. എൽ. എ. ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വീട് നിർമാണത്തിനായി അനുവദിക്കുന്ന തുക അതിനായി തന്നെ വിനിയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും എം. എൽ. എ. ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ മരുതോങ്കര വില്ലേജിൽ ആരംഭിച്ച മോഡൽ റെസിഡെൻഷ്യൻ സ്കൂൾ കെട്ടിടത്തിൻ്റെ 
ചോർച്ച സംബന്ധിച്ച് ഈ ആഴ്ച തന്നെ സ്ഥല സന്ദർശനം  നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർക്ക് കളക്ടർ നിർദേശം നൽകി . 
കോഴിക്കോട് ജില്ലയിലെ വിലങ്ങാടിനെയും വയനാട്ടിലെ കുഞ്ഞോമിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ബദൽ പാതയായ വിലങ്ങാട്-കുഞ്ഞോം റോഡ് യാഥാർത്ഥ്യമാക്കുന്നതിനായി പ്രവർത്തിക്കണമെന്നും  കെ. എം. അഭിജിത്ത് എം. എൽ. എ ആവശ്യപ്പെട്ടു. . 

കാഞ്ഞിരമൂഴി ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട്  സി. കെ. കാസിം എം. എൽ. എ  ഉന്നയിച്ച വിഷയത്തിൽ ഡിസംബർ 31നകം പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് ജില്ലാ കളക്ടർ  ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മണ്ഡലത്തിലെ കെ. എസ്. ടി. പി റോഡുകളുടെ   അറ്റകുറ്റപ്പണികൾ നടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രവൃത്തികൾ വേഗത്തിൽ  ആരംഭിക്കുവാൻ എം. എൽ. എ ആവശ്യപ്പെട്ടു. റോഡുകളിലെ ഡ്രയിനേജുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നതുമായി ബന്ധപ്പെട്ട പരാതിയിലും അടിയന്തിര നടപടി എടുക്കാൻ എം. എൽ. എ നിർദേശിച്ചു. കിഫ്‌ബി ഫണ്ട് വഴി നിർമ്മിച്ച ചെറുവാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലേയ്ക്കുള്ള റോഡിന് മതിയായ വീതി ഇല്ലാത്ത സാഹചര്യത്തിൽ ഫയർ എൻ. ഒ. സി, കെട്ടിട നമ്പർ എന്നിവ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കെ-സ്മാർട്ട്‌ മുഖേന നൽകിയ അപേക്ഷയിൽ ഉള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് അപേക്ഷയുമായി ബന്ധപ്പെട്ട ഫയൽ മാനുവൽ ആയി നീക്കാനുള്ള നടപടികൾക്ക് എൽ. എസ്. ജി. ഡി. ജോയിന്റ് ഡയറക്ടർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകാൻ പ്രിൻസിപ്പലിന് നിർദ്ദേശം നൽകിയതായി ഹയർസെക്കൻഡറി സ്കൂൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 

പേരാമ്പ്ര ഐ. ടി. ഐക്ക് (മുതുകാട്) കൈമാറിയ ഭൂമിയിലെ മുറിച്ചിട്ട മരങ്ങൾ ലേലം ചെയ്യുന്നതിനും ബാക്കി മരങ്ങൾ മുറിച്ചു മാറ്റുന്നതും സംബന്ധിച്ച വിഷയത്തിലെ കാലതാമസം ഫാത്തിമ തഹിലിയ എം. എൽ. എ. ചൂണ്ടിക്കാട്ടി. കൊയിലാണ്ടി തഹസിൽദാർ വെച്ച ലേലത്തിൽ, ലേലം കൊള്ളാൻ ആരും ഇല്ലാതിരുന്ന സാഹചര്യത്തിൽ വീണ്ടും ക്വട്ടേഷൻ ക്ഷണിക്കാൻ യോഗത്തിൽ തീരുമാനമായി.തുറയൂർ കീഴരിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട തങ്കമല പ്രദേശത്ത് ക്വാറി ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് വിഷയത്തിൽ ജിയോളജിസ്റ്റുമായി ചേർന്ന്  സംയുക്ത പരിശോധന നടത്താൻ കലക്ടർ ഡെപ്യൂട്ടി കളക്ടർ (ഡി.എം) ന് നിർദേശം നൽകി. 
ശക്തമായ കാറ്റിൽ പേരാമ്പ്ര മണ്ഡലത്തിലെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച വിഷയത്തിൽ, വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നു   കൊയിലാണ്ടി തഹസിൽദാർ റിപ്പോർട്ട് ചെയ്തു.

ലോകനാർകാവ് മ്യൂസിയവുമായി ബന്ധപ്പെട്ടു നിർമ്മാണപ്രവൃത്തികളിൽ 35 ശതമാനം പുരോഗതി കൈവരിച്ചതായി കെ. ഐ. ഐ. ഡി. സി.ഡെപ്യൂട്ടി മാനേജർ അറിയിച്ചു. പോസ്റ്റൽ വകുപ്പുമായി ചേർന്ന്, ജില്ലയിലെ അസംഘടിത തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ലേബർ വകുപ്പിനെ ചുമതലപ്പെടുത്തി.

എ.ഡി.എം കെ. ഷറീന, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ആര്‍. രത്‌നേഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date