Skip to main content

തദ്ദേശ സ്ഥാപനങ്ങളുടെ നൂതന പദ്ധതികള്‍ക്ക് അംഗീകാരം; ജില്ലാതല വിദഗ്ദ്ധ സമിതി യോഗം ചേര്‍ന്നു

 

 

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന നൂതന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാതല വിദഗ്ദ്ധ സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച നൂതന പദ്ധതികള്‍ വിലയിരുത്തി.

 

വിദ്യാഭ്യാസം, ആരോഗ്യം, കായികം, കാര്‍ഷിക മേഖല തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നും 10 നൂതന പദ്ധതികളാണ് യോഗത്തിന്റെ പരിഗണനയ്ക്ക് വന്നത്. പൊതുവിദ്യാലയത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്ന പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് അമ്പെയ്ത്ത് പരിശീലനം നല്‍കല്‍, പരമ്പരാഗത അറിവുകളും സംസ്‌കാരവും പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കുന്ന 'നാട്ടറിവ് സംഗമം', ക്ഷീര കര്‍ഷകരില്‍ നിന്നും ആവശ്യക്കാര്‍ക്ക് മില്‍ക്ക് എ.ടി.എം വഴി പാല്‍ ലഭ്യമാക്കുന്ന പദ്ധതി തുടങ്ങിയ പദ്ധതികള്‍ സമിതി വിലയിരുത്തി.

 

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.ഡി. ജോസഫ് പദ്ധതി വിശദീകരണം നടത്തി. സമിതി അംഗങ്ങളും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

date