വനിതാ സ്വയംതൊഴിലിന് സ്കൂട്ടര്‍ വിതരണം നടത്തി ഒരുമനയൂര്‍ പഞ്ചായത്ത്
വനിതകളുടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്കൂട്ടര്‍ വിതരണം ചെയ്തു. 2026-27 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 14 വനിതകള്‍ക്ക് സ്കൂട്ടര്‍ വിതരണം ചെയ്യുന്നതിനാണ് അംഗീകാരം ലഭിച്ചത്. ഇതിന്റെ ആദ്യഘട്ടത്തില്‍ അഞ്ച് വനിതകള്‍ക്ക് സ്കൂട്ടറുകള് വിതരണം ചെയ്തു. പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതകളുടെ സ്വയംതൊഴില്‍ പ്രോത്സാഹനത്തിനായി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
സ്കൂട്ടര്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് നഷ്റ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും സ്വയംതൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. പദ്ധതിയുടെ പ്രയോജനം ഗുണഭോക്താക്കള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
മെമ്പര്‍മാരായ സ്വാതി നിഖില്‍, അന്‍ഷിത അസ്ലം, ഹഫ്സത് അഷ്റഫ്, വി.സി. ധനേഷ്, സിന്ധു അശോകന്, ലീന സജീവന്, ആരിഫ ജുഫൈര്‍, പി.കെ. കബീര്‍, ജസീന നസീര്‍ എന്നിവര്‍ പങ്കെടുത്തു. നിര്‍വ്വഹണ ഉദ്യോഗസ്ഥ വി.ഇ.ഒ എന്‍.എം. സുമ സ്വാഗതം പറയുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. വി.ഇ.ഒ അരുണ്‍ വിജയ് നന്ദി പറഞ്ഞു.
- Log in to post comments