Skip to main content

തെക്കുംഭാഗം പഞ്ചായത്തിനെ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്തും: മന്ത്രി ഷിബു ബേബി ജോണ്‍

തെക്കുംഭാഗം ഗ്രാമപഞ്ചായത്തിനെ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനം, വന്യജീവി മന്ത്രി ഷിബു ബേബി ജോണ്‍. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന വികസന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂളുകള്‍ക്ക് പുറമേ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററും ആരംഭിക്കും. അഷ്ടമുടി തീരദേശ റോഡ് പദ്ധതി നടപ്പാക്കുമെന്നും ആരോഗ്യ മേഖലയിലെ വികസനത്തിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയുമായി ചര്‍ച്ച നടത്തി റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രാദേശിക വികസനം ലക്ഷ്യമിട്ട് പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം യോഗത്തില്‍ മന്ത്രിക്ക് കൈമാറി. നടക്കാവ് പൊതുമാര്‍ക്കറ്റ് നവീകരണം, ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തല്‍, തെരുവുനായകള്‍ക്ക് ഷെല്‍ട്ടര്‍ ഹോം, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം, ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കല്‍, പൊതുശ്മശാനത്തിന്റെ നവീകരണം തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തില്‍ അവതരിപ്പിച്ചത്.
തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയശ്രീ മംഗളന്‍ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ടി ശിവകുമാര്‍ പഞ്ചായത്തിന്റെ പ്രധാന വികസന ആവശ്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അരുണ്‍ രാജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി സുനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date