*ഷൈജ ബേബിക്ക് ടൗണ്‍ഷിപ്പില്‍ വീടൊരുങ്ങുന്നു*
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സ്വന്തം വീടും ബന്ധുക്കളും നഷ്ടപ്പെട്ട വേദനയിലും ദുരന്തബാധിതര്‍ക്കായി അഹോരാത്രം സേവനം ചെയ്ത ഷൈജ ബേബിക്ക് ടൗണ്‍ഷിപ്പില്‍ സ്വന്തം മേല്‍വിലാസമായി. ദുരന്തത്തില്‍ നൂറിലേറെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ച ഷൈജയുടെ സേവനത്തിനും അതിജീവനത്തിനുമുള്ള അംഗീകാരം കൂടിയാണിത്. ദുരന്തത്തില്‍ ഒന്‍പത് കുടുംബാംഗങ്ങളെയാണ് ഷൈജയ്ക്ക് നഷ്ടമായത്. അഞ്ചു ബന്ധുക്കളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും നാലുപേരെ കണ്ടെത്താനായില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഖത്തിലും മറ്റുള്ളവരുടെ ഉറ്റവര്‍ തിരിച്ചറിയപ്പെടാതെ പോകരുതെന്ന ചിന്തയാണ് ഷൈജയെ മുന്നോട്ട് നയിച്ചത്. പതിനൊന്ന് ദിവസം മോര്‍ച്ചറിയില്‍ സേവനം തുടര്‍ന്ന ഷൈജ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സജീവമായി പ്രവര്‍ത്തിച്ചു. ദുരന്ത് മുഖത്തെ സേവനത്തിന് അംഗീകാരമായി ഷൈജക്ക് കേരളശ്രീ പുരസ്കാരവും ലഭിച്ചു. 2019-ലെ പുത്തുമല ദുരന്തത്തിലെ അനുഭവങ്ങളും പൊതു പ്രവര്‍ത്തന രംഗത്തെ പരിചയവും ദുരന്ത മേഖലയിലെ സേവനങ്ങള്‍ക്ക് കരുത്തായി. 2019-ല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും 18 വര്‍ഷത്തോളം ആശാവര്‍ക്കറായും പൊതുപ്രവര്‍ത്തനം നടത്തിയിരുന്നു. നിലവില്‍ ചൂരല്‍മല പത്താം വാര്‍ഡ് അംഗമായ ഇവര്‍ കാപ്പംകൊല്ലിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. നറുക്കെടുപ്പില്‍ സോണ്‍ അഞ്ചില്‍ ക്ലസ്റ്റര്‍ എയിലെ 313-ാമത്തെ വീടാണ് ലഭിച്ചത്. സ്വന്തം വീട് നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവര്‍ക്ക് താങ്ങായി നിന്ന ഷൈജയ്ക്ക് ടൗണ്‍ഷിപ്പിലെ വീട് അതിജീവനത്തിന്റെ അധ്യായമാണ്.
- Log in to post comments