അനധികൃത മത്സ്യബന്ധനം - ബോട്ട് പിടിച്ചെടുത്ത് 2.5 ലക്ഷം പിഴ ചുമത്തി ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ടാസ്ക് ഫോഴ്സ്
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ചേറ്റുവ അഴിമുഖത്തിന് പടിഞ്ഞാറ് നിന്നും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ടാസ്ക് ഫോഴ്സ് സംഘം പിടികൂടി.
ഫിഷറീസ് അധികൃതരുടെ നിരന്തര മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം ജില്ലയിൽ മുനബം സ്വദേശി തായാട്ടുപറമ്പിൽ നീരജിൻ്റെ ഉടമസ്ഥതയിലുള്ള സോറിസ് എന്ന' ബോട്ടാണ് പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള ) 5000 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്.
ചെറുമത്സ്യങ്ങളെ പിടിക്കുന്നത് തടയുന്നതിനായി കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഓപ്പറേഷൻ പൈതലിൻ്റെ ഭാഗമായി ഫിഷറീസ് ജോയിൻ്റ് ഡയറക്ടർ കെ വി സുഗന്ധകുമാരിയുടെ നിർദ്ദേശപ്രകാരം പ്രത്യേക ടാസ്ക് ഫോഴ്സ് സംഘങ്ങൾ രൂപീകരിച്ച് രാത്രിയിലും പകലും ജില്ലയിലെ ആഴകടലിലും, തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജോയിനി ജേക്കബിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.
തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് 2,50,000 പിഴ ഈടാക്കി. പിടിച്ചെടുത്ത ബോട്ടിലെ ചെറുമത്സ്യങ്ങളെ പുറംകടലിൽ ഒഴുക്കിക്കളഞ്ഞു. ബോട്ടിൽ നിന്നും നിയമാനുസൃതമല്ലാത്ത കണ്ണിവലുപ്പം കുറഞ്ഞ വലകളും പിടിച്ചെടുത്തു എ എഫ്.ഇ.ഒ ലീന ഡെന്നീസ്, മെക്കാനിക്ക് മനോജ്, മറൈൻ എൻഫോഴ്സ് &വിജിലൻസ് വിങ്ങ് വിഭാഗം ഓഫീസർമാരായ , വി.എൻ പ്രശാന്ത് കുമാർ, വി.എം ഷൈബു,ഇ.ആർ ഷിനിൽകുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ അശ്വിൻ ജോസ്, വർഗ്ഗീസ് ജിഫിൻ, കൃഷ്ണ പ്രസാദ്, ഡ്രൈവർ അഷറഫ് പേബസാർ എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.
ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്ക്കെതിരെ കര്ശന നടപടി തുടര്ന്നും സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻററുകളിലും ഓപ്പറേഷൻ പൈതൽ സ്പെഷൽ ടാസ്ക് അക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര് രാജേഷ് എസ്. അറിയിച്ചു.
*2019 മോട്ടോർ വാഹന ഭേദഗതി നിയമവും നിലവിൽ പാതകളിൽ തുടർന്ന് കൊണ്ടിരിക്കുന്ന വേഗപരിധിയും
2019 മോട്ടോർ വാഹന ഭേദഗതി നിയമവും നിലവിൽ പാതകളിൽ തുടർന്ന് കൊണ്ടിരിക്കുന്ന വേഗപരിധിയും സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്: മോട്ടോർ വാഹന നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. 18 വയസ്സ് തികയാത്ത കുട്ടികൾ വാഹനം ഓടിച്ചാൽ മോട്ടോർ വാഹന നിയമം സെക്ഷൻ 199എ പ്രകാരം രക്ഷിതാക്കൾക്കോ വാഹന ഉടമയ്ക്കോ 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കും. വാഹനത്തിന്റെ ആർ.സി 12 മാസത്തേക്ക് റദ്ദാക്കുകയും കുട്ടിക്ക് 25 വയസ്സ് തികയുന്നതുവരെ ലൈസൻസ് അനുവദിക്കാതിരിക്കുകയും ചെയ്യും.
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, അശ്രദ്ധ എന്നിവ മൂലമുണ്ടാകുന്ന വാഹന അപകട മരണങ്ങളിൽ ഭാരതീയ ന്യായ സംഹിത (സെക്ഷൻ 106) പ്രകാരമായിരിക്കും നടപടി. 16 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾ ചെയ്യുന്ന ഗുരുതര കുറ്റങ്ങൾക്ക് കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യാക്കുറ്റം വരെ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റം ശരിവെച്ചാൽ കൗൺസിലിംഗ്, സാമൂഹിക സേവനം, പ്രൊബേഷൻ എന്നിവ നൽകുകയോ അല്ലെങ്കിൽ നിശ്ചിത കാലയളവിലേക്ക് റീഫോം/ഒബ്സർവേഷൻ ഹോമുകളിലേക്ക് മാറ്റുകയോ ചെയ്യാം. കൂടാതെ, കുട്ടി വാഹനമെടുക്കുന്നത് തടയാൻ തങ്ങൾ പരമാവധി ശ്രമിച്ചിരുന്നു എന്ന് വ്യക്തമാക്കാൻ സാധിച്ചില്ലെങ്കിൽ രക്ഷിതാക്കളോ വാഹന ഉടമയോ ഇതിൽ കുറ്റക്കാരാകും.
മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ മോട്ടോർ വാഹന നിയമം സെക്ഷൻ 185 പ്രകാരം ആദ്യഘട്ടത്തിൽ 10,000 രൂപ വരെ പിഴയും ആറുമാസം വരെ തടവും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കലും നേരിടേണ്ടിവരും. കുറ്റം ആവർത്തിച്ചാൽ 15,000 രൂപ വരെ പിഴയും രണ്ടു വർഷം വരെ തടവുശിക്ഷയും ലഭിക്കും.
അപകടമുണ്ടാക്കി രക്ഷപ്പെടുന്ന ഹിറ്റ് ആൻഡ് റൺ കേസുകളിലും കടുത്ത പിഴയും തടവും ഉൾപ്പെടെയുള്ള നടപടികൾ വരും.
വിവിധ പാതകളിലെ വേഗപരിധി
അപകടരഹിത ഗതാഗതം ഉറപ്പാക്കാൻ ഗതാഗത വകുപ്പ നിശ്ചയിച്ചിട്ടുള്ള വിവിധ പാതകളിലെ വാഹനാധിഷ്ഠിത വേഗപരിധി ഇപ്രകാരം :3
കാറുകൾ (M1 വിഭാഗം): ആറുവരി ദേശീയപാതയിൽ പരമാവധി 110 കിലോമീറ്ററും, നാലുവരിയിൽ 100 കി.മീ, മറ്റ് ദേശീയപാതകളിലും നാലുവരി സംസ്ഥാന പാതകളിലും 90 കി.മീ, സാധാരണ സംസ്ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കി.മീ, നഗരപരിധിയിൽ 50 കിലോമീറ്ററുമാണ് അനുവദനീയമായ വേഗത.
ഇരുചക്രവാഹനങ്ങൾ: സംസ്ഥാന പാതയിൽ വേഗത 70 കിലോമീറ്ററും നഗരങ്ങളിൽ 50 കിലോമീറ്ററുമാണ് അനുവദനീയമായ വേഗത.
ത്രിചക്ര / സ്കൂൾ വാഹനങ്ങൾ: പരമാവധി അനുവദനീയമായ വേഗത 50 കിലോമീറ്റർ
അമിതവേഗതയ്ക്കുള്ള പിഴ ഇപ്രകാരം:
നിശ്ചിത വേഗത ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് സെക്ഷൻ 183 പ്രകാരം ഇരു ചക്രവാഹനങ്ങൾക്ക് 1,000 രൂപയും കാറുകൾക്ക് 1500 രൂപയും ചരക്ക് വാഹനങ്ങൾക്ക് 2,000 രൂപയും പിഴ ഈടാക്കുകയും തുടർച്ചയായി ആവർത്തിച്ചാൽ ലൈസൻസ് കണ്ടുകെട്ടുകയും ചെയ്യും.
അപകടകരമായ രീതിയിൽ അമിത വേഗതയിൽ വണ്ടി ഓടിച്ചാൽ മോട്ടോർ വെഹിക്കിൾ നിയമം സെക്ഷൻ 184 പ്രകാരം 2000 രൂപയും കോടതിയിൽ പോയാൽ 3000 രൂപ പിഴയും ലൈസൻസ് സസ്പെൻഷനും ഇടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്സ് ട്രെയിനിംഗ് റിസർച്ച് സെൻ്ററിൽ നിർബന്ധിത ബോധവത്കരണ ക്ലാസ്സിലും പങ്കെടുക്കേണ്ടി വരും.
- Log in to post comments