Skip to main content

വിദ്യാർഥികളിൽ വൈകാരിക ബുദ്ധിവികാസം ലക്ഷ്യമിട്ട് ‘ഇമോഷ്യ’ പദ്ധതിക്ക് തുടക്കമായി പദ്ധതിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിര്‍വഹിച്ചു

വിദ്യാർഥികളിലെ വൈകാരിക ബുദ്ധിവികാസം ലക്ഷ്യമിട്ട് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘ഇമോഷ്യ’ പരിശീലന പദ്ധതിക്ക് തുടക്കമായി. ഒതുക്കുങ്ങൽ ഗവ. എച്ച്.എസ്.എസിൽ നടന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
കേവലം സിലബസ് പഠനത്തിനപ്പുറം വിദ്യാർഥികളുടെ നൈപുണ്യം, ആശയവിനിമയ ശേഷി, പ്രാപ്തി തുടങ്ങിയവ മെച്ചപ്പെടുത്താനും മികച്ച വ്യക്തിത്വത്തിന് ഉടമകളാക്കാനും ഇത്തരം പരിശീലനങ്ങൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത് ഭാവിയിലെ പഠന-തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാൻ വഴിയൊരുക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 6000 സ്കൂളുകളിൽ ഡിജിറ്റൽ സ്‌ക്വയറുകൾ സ്ഥാപിക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളുടെ മാനസികാരോഗ്യം, വൈകാരിക വികാസം, വ്യക്തിത്വ രൂപീകരണം തുടങ്ങിയവ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന തിരിച്ചറിവിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ ഹൈസ്കൂളുകളിലെയും പ്രത്യേക പിന്തുണ ആവശ്യമായ വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും കണ്ടെത്തി അനുയോജ്യമായ പരിശീലനവും മാർഗനിർദേശവും പദ്ധതി വഴി നൽകും. വിദ്യാർഥികളുടെ മാനസികവും വൈകാരികവുമായ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണ ലഭ്യമാക്കുന്നതിലൂടെ കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസമാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റജുല പെലത്തൊടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൗക്കത്ത് കടമ്പോട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നുസ്രത്ത് റഹ്മാൻ, മൻസൂർ, സീനത്ത് അബൂബക്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.കെ. മെഹനാസ് (ഒതുക്കുങ്ങൽ), വി.എ. റഹ്മാൻ (പൊന്മള), സി.പി. ഷാജി (കോഡൂർ), സി. ബുഷ്റ (ആനക്കയം), പ്രിൻസിപ്പൽ സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ കെ. ഷറഫുദ്ദീൻ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

date