Skip to main content

മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നേരിട്ടറിഞ്ഞ് വണ്ടൂർ ജി.ജി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ

'നിർമ്മലം പുതുയുഗം മാലിന്യരഹിത കേരളം' ക്യാമ്പയിന്റെ ഭാഗമായി വണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പരിപാടി വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ടി.കെ നിഷ മാധവൻ അധ്യക്ഷയായി.

ക്യാമ്പയിന്റെ ഭാഗമായി വണ്ടൂർ അമ്പലപ്പടിയിൽ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) സന്ദർശിച്ച വിദ്യാർഥികൾ ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ നേരിട്ടറിയുകയും മാലിന്യങ്ങൾ തരംതിരിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ശീലങ്ങൾ വിദ്യാലയങ്ങളിലും വീടുകളിലും സമൂഹത്തിലും പ്രാവർത്തികമാക്കുക, ഹരിതകർമസേനയ്ക്ക് എല്ലാ മാസവും യൂസർ ഫീ നൽകി വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ കൈമാറുക, നാടിനെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ സന്ദേശങ്ങൾ സമൂഹത്തിലെത്തിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

ഗ്രാമപഞ്ചായത്ത് അംഗം സി.ടി ചെറി, എൻ.എസ്.എസ് കോ-ഓർഡിനേറ്റർ പി. സ്റ്റഫി, എൻ.എസ്.എസ് ലീഡർ ജസ്‌റിയ സുഹാസ്, ഷൈജൽ എടപ്പറ്റ, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

 

date