Skip to main content

ചെറുമത്സ്യങ്ങളെ സംരക്ഷിക്കാൻ 'ഓപ്പറേഷൻ പൈതൽ'; 

 

ജില്ലയിലെ ആറ് ഹാർബറുകളിലായി 600-ഓളം യാനങ്ങൾ പരിശോധിച്ചു

കടൽ സമ്പത്തിന്റെ സുസ്ഥിര സംരക്ഷണം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന 'ഓപ്പറേഷൻ പൈതൽ' ജില്ലയിൽ ഊർജിതമായി പുരോഗമിക്കുന്നു. നിയമാനുസൃത വലിപ്പമില്ലാത്ത ചെറുമത്സ്യങ്ങളെ പിടികൂടുന്നതും വിപണനം ചെയ്യുന്നതും പൂർണ്ണമായി തടയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ജില്ലയിലെ എല്ലാ മത്സ്യബന്ധന കേന്ദ്രങ്ങളിലും 24 മണിക്കൂറും കർശന പരിശോധന ഉറപ്പാക്കുന്നുണ്ട്. ചോമ്പാൽ, കൊയിലാണ്ടി, പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ, ചാലിയം ഹാർബറുകളിലായി ഇതിനോടകം 600-ഓളം യാനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയ്ക്കൊപ്പം മത്സ്യത്തൊഴിലാളികൾക്കിടയിൽ വിപുലമായ ബോധവത്കരണ പരിപാടികളും വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പൂർണ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഡയറക്ടർ മനോജ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് സബ് ഇൻസ്പെക്ടർ രാജേഷ്, ജില്ലയിലെ മത്സ്യഭവൻ ഓഫീസർമാർ, സീ റെസ്ക്യൂ ഗാർഡുമാർ എന്നിവരടങ്ങുന്നതാണ് പരിശോധനാ സംഘം. 

മത്സ്യത്തൊഴിലാളികൾ'ഓപ്പറേഷൻ പൈതലുമായി' സഹകരിക്കണമെന്നും, നിയമലംഘനം നടത്തി ചെറുമത്സ്യങ്ങളെ പിടികൂടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം (കെ.എം.എഫ്.ആർ.എ) പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date