Skip to main content

ആനയിറങ്കലില്‍ കയ്യേറിയ 19.547 ഏക്കര്‍ ഒഴിപ്പിച്ചു

ആനയിറങ്കല്‍ ഡാമിന്റെ ബഫര്‍സോണ്‍ കയ്യേറി കൃഷിയും നിര്‍മ്മാണങ്ങളും നടത്തിയിരുന്ന 7.9104 ഹെക്റ്ററിലെ കയ്യേറ്റം ജില്ലാഭരണകൂടം ഒഴിപ്പിച്ചു . ദേവികുളം സബ് കളക്റ്റര്‍ വി എം ആര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാലു ദിവസം നീണ്ട നടപടികളിലൂടെ കയ്യേറ്റം ഒഴിപ്പിച്ചത് . അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വിലക്ക് പ്രദേശത്തായിരുന്നു ഒഴിപ്പിക്കല്‍ നടപടികള്‍ . ഭൂമി കയ്യേറി ഏലം ,കുരുമുളക് തുടങ്ങിയ കൃഷികളും നിര്‍മ്മാണങ്ങളും നടത്തിയിരുന്ന പ്രദേശങ്ങളിലെ ഫെന്‍സിങ് പോസ്റ്റുകളും ഗേറ്റുകളും കെട്ടിടങ്ങളും ഏറുമാടങ്ങളും റവന്യൂ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. 1260 മീറ്റര്‍ വൈദ്യുതി വേലി ,75  ഫെന്‍സിങ് പോസ്റ്റുകള്‍ ,ആറു ഗേറ്റുകള്‍ ,എട്ടു കെട്ടിടങ്ങള്‍ എന്നിവയും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു.

വനം വകുപ്പ് ,കെ എസ് ഇ ബി ,ഡാം  സേഫ്റ്റി വിഭാഗം ,പോലീസ് എന്നിവയുടെ സംയുക്ത സംഘം ജില്ലാ  ഭരണകൂടം നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ തന്നെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തി യാക്കി.കയ്യേറ്റം ഒഴിപ്പിച്ച പ്രദേശങ്ങളില്‍ പട്ടയഭൂമി ഉള്‍പ്പെട്ടിട്ടില്ലന്നും വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്ടുകെട്ടിയ വസ്തുക്കള്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയതായും ദേവികുളം സബ് കളക്റ്റര്‍ വി എം ആര്യ അറിയിച്ചു.

പ്രദേശത്തെ സ്വാഭാവിക സസ്യാവരണം പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ .ദിനേശന്‍ ചെറുവാട്ട് അറിയിച്ചു . കയ്യേറ്റം ഒഴിപ്പിച്ച പ്രദേശങ്ങള്‍ ഭാവിയില്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ കെ എസ് ഇ ബി നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. റിസര്‍വോയറില്‍ നിന്നും 10 ചെയിന്‍ വരെയുള്ള പ്രദേശമാണ് ബഫര്‍സോണ്‍ എന്ന നിലയില്‍ സംരക്ഷിക്കുന്നത്.
 

date