നിർമലം പുതുയുഗം ശുചിത്വ കേരളം ക്യാമ്പയിൻ: കൊണ്ടോട്ടിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന 'നിർമലം പുതുയുഗം ശുചിത്വ കേരളം' ക്യാമ്പയിന്റെ കൊണ്ടോട്ടി നഗരസഭാതല ഉദ്ഘാടനവും വിളംബര ജാഥയും സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ യു.കെ മമ്മദിഷ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കുറുപ്പത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി അങ്കണത്തിൽ സമാപിച്ചു.
ശുചിത്വവും മാലിന്യസംസ്കരണവും ജനകീയ ഉത്തരവാദിത്തമായി ഏറ്റെടുത്ത് ശാസ്ത്രീയ മാലിന്യപരിപാലനത്തിലൂടെ ശുചിത്വസുന്ദരമായ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ 200-ഓളം പേർ ജാഥയിൽ പങ്കെടുത്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ പി. ആയിഷ ബിന്ദു, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. റഷീദലി, ഇ.എം അബ്ദുറഷീദ്, പി. നസ്രീന, സഫറുദ്ദീൻ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ കെ. സിദ്ധീഖ്, നഗരസഭാ സെക്രട്ടറി പി. മിനി, ജില്ലാ ശുചിത്വ മിഷൻ പ്രതിനിധികൾ, വാർഡ് കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, നഗരസഭാ ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, ആശാ വർക്കർമാർ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ ജാഥയിൽ അണിനിരന്നു.
- Log in to post comments