'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' പദ്ധതിയിലൂടെ മാലിന്യസംസ്‌കരണം ശാസ്ത്രീയവും ജനകീയവുമാകുന്നു : മന്ത്രി പി സി വിഷ്ണുനാഥ്
സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' പദ്ധതി ഈ ലക്ഷ്യത്തിന് പുത്തനുണര്‍വ് പകരുകയാണെന്നും ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന്റെ കുണ്ടറ നിയോജകമണ്ഡലതല ഏകോപന സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടാണ് ലക്ഷ്യത്തിലേക്ക് എത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. വിദേശത്തുനിന്നടക്കം നിരവധി സഞ്ചാരികള്‍ എത്തുന്ന ജഡായുപ്പാറ പോലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യപ്രശ്‌നം വലിയ വെല്ലുവിളിയാണെന്നും സഞ്ചാരികളുടെ എണ്ണം കൂടുമ്പോള്‍ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വഴിയരികില്‍ തള്ളുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇക്കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. അഷ്ടമുടിക്കായലിലും സമാനമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സബ്‌സിഡി അടക്കം ഉപയോഗപ്പെടുത്തി വീടുകളില്‍ തന്നെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയണം. മാലിന്യ സംസ്‌കരണ പ്ലാന്റുകളും പൊതുശ്മശാനങ്ങളും സ്ഥാപിക്കാന്‍ പൊതുവായ ആവശ്യം ഉന്നയിക്കുമെങ്കിലും സ്വന്തം വാര്‍ഡില്‍ വേണ്ടെന്ന നിലപാട് മാറണമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ അസിസ്റ്റന്റ് ഡയറക്ടര്‍ എസ് സുനീഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഗായത്രി ദേവി, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി അജിത് കുമാര്‍, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപന്‍, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി സത്യദേവന്‍, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി വിനോദ് കുമാര്‍, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബീന, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്യാം, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മനോജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുജീബ് റഹ്മാന്‍, ഗ്രാമ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments