Skip to main content
സാനിറ്ററി മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരം; സംസ്ഥാനത്തെ പ്രഥമ പ്ലാന്റ് ജില്ലയിൽ പ്രവർത്തനം തുടങ്ങും

സാനിറ്ററി മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരം; സംസ്ഥാനത്തെ പ്രഥമ പ്ലാന്റ് ജില്ലയിൽ പ്രവർത്തനം തുടങ്ങും

സാനിറ്ററി മാലിന്യങ്ങൾ കത്തിച്ചുകളയുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാൻ ജില്ലയിൽ റീജിയണൽ സാനിറ്ററി പ്ലാന്റ് വരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ക്ലീൻ കേരള കമ്പനിയുടെയും നേതൃത്വത്തിൽ കഞ്ചിക്കോട് സ്ഥാപിക്കുന്ന പ്ലാന്റ് ഡിസംബർ അവസാനത്തോടെ പ്രവർത്തനസജ്ജമാകും. പ്രതിദിനം 20 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ മാലിന്യമായിരിക്കും ഇവിടെ സംസ്കരിക്കുക.

വീടുകൾ, ആശുപത്രികൾ, കോളേജുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും പ്രത്യേകം നൽകുന്ന സുരക്ഷിത കവറുകളിലാണ് സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കുന്നത്. ആവശ്യാനുസരണം മൊബൈൽ ആപ്പ് വഴിയാണ് മാലിന്യം ശേഖരിക്കുന്നത്. ഇത്തരത്തിൽ സുരക്ഷിതമായി പാക്ക് ചെയ്യുന്ന മാലിന്യങ്ങൾ ജി.പി.എസ്. സംവിധാനമുള്ള, പൂർണമായും മൂടിയ വാഹനങ്ങളിലൂടെയാണ് പ്ലാന്റിലെത്തിക്കുക.

പ്ലാന്റിലെത്തിക്കുന്ന മാലിന്യങ്ങൾ 1050 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്ന ഡബിൾ ചേമ്പർ ഇൻസിനറേറ്ററുകൾ ഉപയോഗിച്ച് ശാസ്ത്രീയമായി സംസ്കരിക്കും. സംസ്കരണ സമയത്തുണ്ടാകുന്ന വാതകങ്ങളിലെ മലിനീകരണ ഘടകങ്ങൾ നിയന്ത്രിക്കാൻ ആസിഡ് ഗ്യാസ് സ്ക്രബ്ബറുകൾ, ബാഗ് ഹൗസ് ഫിൽട്ടറുകൾ തുടങ്ങിയ അത്യാധുനിക വായു മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഫിൽട്ടർ ചെയ്ത് ശുദ്ധീകരിച്ച വാതകങ്ങൾ 30 മീറ്റർ ഉയരമുള്ള ചിമ്മിനിയിലൂടെയാണ് പുറന്തള്ളുന്നത്. അതിനാൽ ജനങ്ങൾക്കും സസ്യജന്തുജാലങ്ങൾക്കും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ സാധിക്കും. പ്ലാന്റിന്റെ പ്രവർത്തനങ്ങളും പുക പുറന്തള്ളുന്നതിന്റെ നിലവാരവും ഡിജിറ്റൽ സംവിധാനങ്ങൾ വഴി നിരന്തരം നിരീക്ഷിക്കുകയും മലിനീകരണ നിയന്ത്രണ ബോർഡിന് 24 മണിക്കൂറും തത്സമയ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യും.

മാലിന്യം ശേഖരിച്ചെത്തിക്കുന്ന വാഹനങ്ങൾ പൂർണമായും കഴുകി വൃത്തിയാക്കിയ ശേഷമാണ് വീണ്ടും സർവീസിനായി അയയ്ക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന വെള്ളം പ്രതിദിനം 5 കിലോലിറ്റർ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റിലൂടെ (ഇ.ടി.പി.) ശുദ്ധീകരിക്കുന്നതിനാൽ മലിനജലം മണ്ണിലേക്ക് ഇറങ്ങുന്നതും പൂർണമായി തടയാനാകും. മാലിന്യ ശേഖരണം മുതൽ സംസ്കരണം വരെയുള്ള ഓരോ ഘട്ടത്തിലും ആരോഗ്യ-പാരിസ്ഥിതിക സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ഈ സംവിധാനം സാനിറ്ററി മാലിന്യ സംസ്കരണത്തിൽ കേരളത്തിന് മാതൃകയാകും.

date