ലോക പ്രമേഹ ദിനാചരണം - സുംബ ഡാന്‍സും പ്രമേഹ പരിശോധനയും നടത്തി
ലോക പ്രമേഹ ദിനാചരണം ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി സുംബ ഡാന്‍സും പ്രമേഹ പരിശോധനയും നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, പാലക്കാട് റെയില്‍വേ ഹോസ്പിറ്റലില്‍, ആലങ്കോട് നഗരകുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം റെയില്‍വേ ഹോസ്പിറ്റല്‍ അസിസ്റ്റന്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുരളി കൃഷ്ണ നിര്‍വഹിച്ചു. റെയില്‍വേ ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഹെല്‍ത്ത് ഓഫീസര്‍ സന്തോഷ് കുമാര്‍ അധ്യക്ഷനായി. 'പ്രമേഹത്തിനെതിരെ നേരത്തേ പ്രവര്‍ത്തിക്കാം ' എന്ന സന്ദേശത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന് മുഖ്യപ്രഭാഷണവും ദിനാചരണ സന്ദേശവും നല്കി. പാലക്കാട് ടോപ് വിന്നേഴ്സ് ഡാന്‍സ് ആന്‍ഡ് ഫിറ്റ്നസ് സ്റ്റുഡിയോയിലെ സുംബാ ഡാന്‍സ് പരിശീലകന് സതീഷ് സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ സുംബാ ഡാന്‍സ് അവതരിപ്പിച്ചു. ആലങ്കോട് നഗരകുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രമേഹ പരിശോധനയും നടത്തി.
റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ ബിനോയ് ജോര്‍ജ്, ആലങ്കോട് നഗര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അമൃത, ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ്. സയന, റെയില്‍വേ ചീഫ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിമിയ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ റജീന രാമകൃഷ്ണന്, ആശാ പ്രവര്‍ത്തകര്‍, എന്‍എസ്എസ് വളണ്ടിയര്‍മാരും റെയില്‍വേ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
എന്താണ് പ്രമേഹം?
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം
അമിതമായ ദാഹം, വിശപ്പ്, ഭാരം കുറയല്‍, ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നല്‍, ക്ഷീണം,
തൊണ്ട, വായ-ഉണങ്ങി വരളുക, കാഴ്ച മങ്ങല്‍, കൈകാലുകളില്‍ തരിപ്പും വേദനയും ,
മുറിവുകള്‍ ഉണങ്ങാന്‍ താമസം എന്നിവയാണ് പ്രമേഹ രോഗ ലക്ഷണങ്ങള്‍
നിത്യേന വ്യായാമം ചെയ്യുന്നതും
പച്ചക്കറികളും പഴങ്ങളും അടങ്ങിയ
ആരോഗ്യകരമായ ആഹാരം സ്വീകരിക്കുന്നതും
മിഠായിയും മധുരവും കുറയ്ക്കുകയും ഭാരം നിയന്ത്രിക്കുകയും
പുകവലിയും മദ്യവും ഒഴിവാക്കുന്നത് വഴിയും പ്രമേഹത്തെ നമുക്ക് പ്രതിരോധിക്കാനാകും. നിരന്തരം രക്തത്തിലെ ഗ്ലൂക്കോസ് അളവ് പരിശോധിക്കുന്നത് പ്രമേഹ സാധ്യത നേരത്തെ കണ്ടെത്തി മറ്റ് രോഗങ്ങള്‍ വരുന്നത് തടയുന്നതിന് സഹായകരമാകും.
- Log in to post comments