Skip to main content

ജില്ലാതല വികസിത് ഭാരത് യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു

തൃശ്ശൂർ മേരാ യുവ ഭാരതും വിമല കോളേജ് എൻ.എസ്.എസ്. യൂണിറ്റുകളും സംയുക്തമായി ജില്ലാതല വികസിത് ഭാരത് യൂത്ത് പാർലമെന്റ് 2026-27 സംഘടിപ്പിച്ചു. തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ പരിപാടി ഉദ്ഘാടനം ചെയ്തു.

വികസിത ഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിൽ യുവതലമുറയുടെ പങ്ക് നിർണായകമാണെന്നും യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മേയർ പറഞ്ഞു.

 വിമല കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബീന ജോസ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദ് മുഖ്യാതിഥിയായി. ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി, വിമല കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ.  പി.എസ്. സ്മിത, ഡോ. റെപ്സി മറിയം മാത്യു, നെഹ്റു യുവകേന്ദ്ര റിട്ടയേർഡ് റീജിയണൽ ഡയറക്ടർ സതീഷ് എസ്. എന്നിവർ സംസാരിച്ചു.

യൂത്ത് പാർലമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ജില്ലയിലെ വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് മുപ്പതോളം യുവതീയുവാക്കൾ പങ്കെടുത്തു. അമല നഴ്സിംഗ് കോളേജിലെ നിമ്മി സുനിൽ ഒന്നാം സ്ഥാനവും ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിലെ ബി.എസ്. നജ്‌ല ഷർമീൻ രണ്ടാം സ്ഥാനവും തൃശ്ശൂർ ഗവ. ലോ കോളേജിലെ റോഷൻ ഷാജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
 

date