Skip to main content

ചക്കക്കൊമ്പന്‍ ദൗത്യത്തിന് തുടക്കമായി 140 അംഗ സംഘം രംഗത്ത്; ആനയെ സുരക്ഷിതമായി പിടികൂടാനുള്ള നീക്കം തുടരുന്നു

ചിന്നക്കനാല്‍ മേഖലയില്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ചക്കക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുള്ള ദൗത്യത്തിന് ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തുടക്കമായി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഫോറസ്റ്റ് ഡിവിഷനുകള്‍ക്ക് കീഴിലുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ (ആര്‍.ആര്‍.ടി), എലിഫന്റ് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിലെ 140 അംഗ സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.
 ആനയിറങ്കല്‍ ഡാമിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന ആനയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയശേഷം മയക്കുവെടിവെക്കു ന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് സംഘത്തിന്റെ നീക്കം. ആനയുടെ സാന്നിധ്യവും സാഹചര്യവും നിരീക്ഷിച്ച് അനുയോജ്യമായ സമയത്ത് തുടര്‍നടപടികള്‍ സ്വീകരിക്കും. ഉച്ചയോടെ ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
ചിന്നക്കനാല്‍ ഫാത്തിമ മാതാ ഹൈസ്‌കൂളിലാണ് ദൗത്യത്തിന്റെ ബേസ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാര്‍ഡുകളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാര്‍ഡുകളിലെ അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദൗത്യമേഖലയിലും സമീപപ്രദേശങ്ങളിലും ഡ്രോണ്‍ ക്യാമറകള്‍, നൈറ്റ് ക്യാമറകള്‍, ക്യാമറ ട്രാപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും നിരോധിച്ചിട്ടുണ്ട്.
മയക്കുവെടിവെക്കുന്ന സമയത്ത് ആന പ്രകോപിതനായി ജനവാസ മേഖലയിലേക്ക് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണം. അനാവശ്യമായി വീടുകളില്‍നിന്ന് പുറത്തിറങ്ങുകയോ ദൗത്യമേഖലയിലേക്ക് പോകുകയോ ചെയ്യരുത്. ആനയെ കാണുന്നതിനായി ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്. വനംവകുപ്പും പോലീസും നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അടിയന്തര സാഹചര്യം നേരിടുന്നതിനായി ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രം, അടിമാലി താലൂക്ക് ആശുപത്രി, ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രം, ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രം, മൂന്നാറിലെ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍, നഴ്‌സിങ് ജീവനക്കാര്‍, ആംബുലന്‍സ് സൗകര്യം, അടിയന്തര ചികിത്സാ സംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ദൗത്യം പൂര്‍ത്തിയാക്കി റേഡിയോ കോളര്‍ ഘടിപ്പിച്ചശേഷം ആനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികളാണ് ലക്ഷ്യമിടുന്നത്.
മൂന്നാര്‍ ഡി എഫ് ഒ സാജു വര്‍
ഗീസിന്റെ നേതൃത്തിലാണ് ദൗത്യം.

ദൗത്യത്തിന്റെ ഭാഗമായി നാല് വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ  24 അംഗ  സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഡോ. വിഷ്ണു ഓമനക്കുട്ടന്‍ ( വയനാട്),
അര്‍ജുന്‍ സി.പി.(മലയാറ്റൂര്‍),
അനൂപ മാത്യൂസ് (കോട്ടയം),
അശ്വിന്‍ കെ.എസ്. (ഷോള നാഷണല്‍ പാര്‍ക്ക്) എന്നിവരാണ് വെറ്ററിനറി ഡോക്ടര്‍മാര്‍.

അനുമോദ് എന്‍ ( വയനാട്),
ബിനോയ് സി. ബാബു ( കോടനാട്),
സിദ്ധാര്‍ഥ് ശങ്കര്‍ ( മൂന്നാര്‍),
ഗോകുല്‍ പി. ( കോട്ടയം) എന്നിവരാണ്
  ഫീല്‍ഡ് ഓഫീസര്‍മാര്‍:
 

date