Skip to main content

ചക്കക്കൊമ്പന്‍ ദൗത്യം ; ആനയെ മയക്കുവെടിവെച്ചു

ചിന്നക്കനാല്‍ മേഖലയില്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തിയ ചക്കക്കൊമ്പനെ  മയക്കുവെടിവെച്ചു . ബുധനാഴ്ച ഉച്ചകഴിഞ് മൂന്നേമുക്കാലോടെയാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്.  നാലു മണിയോടെ കുങ്കിയാനകളുടെ സഹായത്തോടെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി  റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
 
 വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഫോറസ്റ്റ് ഡിവിഷനുകള്‍ക്ക് കീഴിലുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ (ആര്‍.ആര്‍.ടി), എലിഫന്റ് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിലെ 140 അംഗ സംഘമാണ് ദൗത്യത്തില്‍ പങ്കെടുത്തത്. ആനയിറങ്കല്‍ ഡാമിന് സമീപം നിലയുറപ്പിച്ചിരുന്ന ആനയെ നിരീക്ഷിച്ച് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിയശേഷമാണ് മയക്കുവെടിവെച്ചത്. അതിരാവിലെ തന്നെ ആന നില്‍ക്കുന്ന സ്ഥലം കണ്ടെത്തി തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയായിരുന്നു . കരമാര്‍ഗം നിരീക്ഷിച്ചു നീങ്ങിയ സംഘത്തിന് പുറമേ ആന ഇറങ്കല്‍ ഡാമിന്റെ റിസര്‍വോയറില്‍ ബോട്ടിലൂടെയും നിരീക്ഷണ സംഘം ആനയെ പിന്തുടര്‍ന്നു. ഡ്രോണ്‍ ഉപയോഗിച്ച് കൃത്യമായി മനസ്സിലാക്കി വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. സമീപമുള്ള തുരുത്തില്‍ കിടന്ന ആന ഒരു മണിക്കൂറിനു ശേഷം പന്നിയാര്‍ ഭാഗത്തേക്ക് നീങ്ങി പടക്കം പൊട്ടിച്ച് ഇവിടെ നിന്ന് സുരക്ഷിത ഇടത്തിലേക്ക് നീക്കാനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ തുടര്‍ന്നു പത്തുമണിയോടെ ഭാഗത്ത് ആനയെത്തി 11 മണിയോടെ വീണ്ടും ഡാമിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ബോട്ടില്‍ എത്തിയ സംഘം ആനയെ തുരത്തി പിന്നീട് ഒരു മണിയോടെ സിങ്കു കണ്ടത്തിനു സമീപം ഓമനക്കുടി ഭാഗത്തെ പുല്‍മേട്ടില്‍വെച്ച്  മയക്കുവെടി വയ്ക്കുകയായിരുന്നു.
റേഡിയോ കോളറിന്റെ സഹായത്തോടെ ആനയുടെ സഞ്ചാരം തുടര്‍ച്ചയായി നിരീക്ഷിക്കാനും ജനവാസ മേഖലകളിലേക്കുള്ള ആനയുടെ വരവ് മുന്‍കൂട്ടി മനസ്സിലാക്കി ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും കഴിയും.
മൂന്നാര്‍ ഡി.എഫ്.ഒ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടപ്പാക്കിയത്. നാല് വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 24 അംഗ പ്രത്യേക സംഘവും ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. ഡോ. വിഷ്ണു ഓമനക്കുട്ടന്‍ (വയനാട്), അര്‍ജുന്‍ സി.പി. (മലയാറ്റൂര്‍), അനൂപ് മാത്യൂസ് (കോട്ടയം), അശ്വിന്‍ കെ.എസ്. (ഷോള നാഷണല്‍ പാര്‍ക്ക്) എന്നിവരാണ് വെറ്ററിനറി ഡോക്ടര്‍മാര്‍. വിവിധ àഫോറസ്റ്റ് ഡിവിഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ദൗത്യത്തില്‍ പങ്കാളികളായി.
ചിന്നക്കനാല്‍ ഫാത്തിമ മാതാ ഹൈസ്‌കൂളില്‍ പ്രവര്‍ത്തിച്ച ബേസ് ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

വനം വകുപ്പ്  ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.കെ.
വിനോദ്കുമാര്‍,  ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ജോണ്‍ മാത്യു,അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍മാരായ
ജയചന്ദ്രന്‍,
മുഹമ്മദ് റാഫി, മൂന്നാര്‍ ഡി.എഫ്.ഒ.  സാജു വര്‍ഗീസ്, ഡി.എഫ്.ഒ.(വിജിലന്‍സ്) എം. ജി. വിനോദ്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി ദൗത്യത്തിന് നേതൃത്വം നല്‍കി.
 

date