നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു.
തൃശ്ശൂർ ജില്ലയിൽ ഹൈറോഡിൽ പ്രവർത്തിക്കുന്ന ജെ.കെ. ബ്യൂട്ടി സെന്റർ എന്ന സ്ഥാപനത്തിൽ തൃശൂർ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ നിയമപ്രകാരമുള്ള ലേബൽ വിവരങ്ങളില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു. കോസ്മെറ്റിക് റൂൾസ് 2020 പ്രകാരം ലേബലിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ട വിവരങ്ങളില്ലാത്ത ഏകദേശം 18,000 രൂപ വിലമതിക്കുന്ന ഉൽപ്പന്നങ്ങളാണ് കസ്റ്റഡിയിലെടുത്തത്. കൂടാതെ സ്കിൻ വൈറ്റനിംഗ് ക്രീം, ഫേസ് വൈറ്റനിംഗ് പൗഡർ എന്നിവയുടെ സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്കായി ശേഖരിച്ചു.
നിർമ്മാതാവിന്റെ പേര്, വിലാസം, നിർമ്മാണ ലൈസൻസ് വിവരങ്ങൾ, ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളിൽ ഇമ്പോർട്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നമ്പർ എന്നിവ രേഖപ്പെടുത്താത്ത ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. പി-ഫിനൈലിൻഡയാമിൻ (p-phenylenediamine) അടങ്ങിയ ഹെയർ ഡൈയുടെ ലേബലിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ട മുന്നറിയിപ്പ് (caution), പ്രിലിമിനറി ടെസ്റ്റ് (preliminary test) വിവരങ്ങൾ എന്നിവ ഇല്ലാത്തതായും പരിശോധനയിൽ വ്യക്തമായി.
തൃശൂർ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ടി.എ. ജോഷിയുടെ നിർദ്ദേശപ്രകാരം ഡ്രഗ്സ് ഇൻസ്പെക്ടർമാരായ ഗ്ലാഡിസ് പി. കാച്ചപ്പിള്ളി, സബീഹ പി.കെ., ഡ്രഗ്സ് ഇൻസ്പെക്ടർ (ഐ.ബി.) അരുൺ കുമാർ ആർ., സീനിയർ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോ. നിഷിത് എം.സി. എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സ്ഥാപനത്തിനെതിരെ ഡ്രഗ്സ് ഇൻസ്പെക്ടർ ഗ്ലാഡിസ് പി. കാച്ചപ്പിള്ളിയുടെ നേതൃത്വത്തിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
- Log in to post comments