Skip to main content
വിദ്യാർഥികളിൽ ക്ഷീരമേഖലാ അവബോധം വളർത്താൻ ഡയറി ക്ലബ്ബ്; ജില്ലാ തല ഉൽഘാടനം നടന്നു

വിദ്യാർഥികളിൽ ക്ഷീരമേഖലാ അവബോധം വളർത്താൻ ഡയറി ക്ലബ്ബ്; ജില്ലാ തല ഉൽഘാടനം നടന്നു

വിദ്യാർഥികളിൽ ക്ഷീരമേഖലയെക്കുറിച്ചും പാലിന്റെയും പാലുൽപന്നങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി രൂപീകരിച്ച സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബിന്റെ ജില്ലാ തല ഉൽഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. കേരള ക്ഷീരവികസന വകുപ്പ്, കല്യാശ്ശേരി ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ്, കണ്ണപുരം ക്ഷീര വ്യവസായ സഹകരണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെറുകുന്ന് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ബബിതകുമാരി അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീധരൻ ക്ലബ്ബ് അംഗങ്ങൾക്കുള്ള ജേഴ്സി വിതരണം ചെയ്തു. ക്ഷീരവകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ എൻ ശ്രീകാന്ത് പദ്ധതി വിശദീകരിച്ചു.

ക്ഷീരമേഖലയെയും ഡയറി സംരംഭങ്ങളെയും കുറിച്ച് പുതുതലമുറയ്ക്ക് അറിവ് പകരുന്നതിനൊപ്പം പാലിന്റെയും പാലുൽപന്നങ്ങളുടെയും ഗുണമേന്മ, ഉൽപാദനം, സംസ്കരണം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ചെറുകുന്ന് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും കൂടാളി ഹയർ സെക്കൻഡറി സ്കൂളിലുമാണ് നിലവിൽ ഡയറി ക്ലബ്ബുകൾ രൂപീകരിച്ചിട്ടുള്ളത്.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം ഗണേശൻ, ക്ഷീരസംഘം പ്രസിഡണ്ട് പി വി ദാമോദരൻ, കണ്ണപുരം സർവീസ് ബാങ്ക് പ്രസിഡണ്ട് ടി കെ ദിവാകരൻ, എ വി സിദ്ദീഖ്, പി ടി എ. പ്രസിഡണ്ട് കെ ഷാജി, സ്കൂൾ പ്രിൻസിപ്പൽ അരുൺരാജ്, പ്രധാനാധ്യാപിക പി ഷീബ, കല്യാശ്ശേരി ക്ഷീരവികസന ഓഫീസർ കെ ടി അശ്വതി, ഡയറി ഫാം ഇൻസ്ട്രക്ടർ പി വി രസിക എന്നിവർ പങ്കെടുത്തു.

date