എറണാകുളം ജില്ലാ അറിയിപ്പുകൾ
1. വസ്തു ലേലം
കാക്കനാട്: കുന്നത്തുനാട് താലൂക്ക് രായമംഗലം വില്ലേജ് ബ്ലോക്ക് 19ല്‍ റീ സര്‍വ്വേ 240/4/4 ലുള്‍പ്പെട്ട 04.05 ആര് സ്ഥലവും ചമയങ്ങളും ഫെബ്രുവരി 21 ന് രാവിലെ 11ന് രായമംഗലം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
2. കരകൗശല കൈത്തറി വിപണനമേള നാളെ മുതൽ (ഫെബ്രുവരി 1)
കൊച്ചി: കരകൗശല വികസന കോര്‍പ്പറേഷനും കേന്ദ്ര ഗവണ്മെന്റിന്റെ വസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഡെവലപ്മെന്റ് കമീഷണറും സംയുക്തമായി എറണാകുളം ശാഖയായ കൈരളിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ 20 വരെ ശിവ ക്ഷേത്രമൈതാനത്ത് കരകൗശല കൈത്തറി വിപണനമേള (കൈരളി ക്രാഫ്റ്റ്സ് ബസാര്‍) സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും പൈതൃകവും നിലനിര്‍ത്തുന്ന കരകൗശല തൊഴിലാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ടാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കൈരളി ക്രാഫ്റ്റ്സ് ബസാര്‍ ഡര്‍ബാര്‍ ഹാള്‍ റോഡില്‍ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ഫെബ്രുവരി ഒന്നിന് വൈകീട്ട് 5.30ന് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്യും . ഹൈബി ഈഡന് എംഎല്‍എ ,കെ വി തോമസ് എംപി, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ ,കൗണ്‍സിലര്‍ കെവിപി കൃഷ്ണകുമാര്‍, കരകൗശല വികസന കോര്പറേഷന് ചെയര്മാന് കെ എസ് സുനില്‍കുമാര്‍ , മാനേജിംഗ് ഡയറക്ടര്‍ എന്‍ കെ മനോജ്, ഹാന്‍ഡിക്രാഫ്റ്റ്സ് അസി.ഡയറക്ടര്‍ പൂജ വേണുഗോപാല്‍, കരകൗശല വികസന കോര്പറേഷന് മാനേജര്‍ സിന്ധു പി കെ എന്നിവര്‍ പങ്കെടുക്കും.
കരകൗശല ഉല്പന്നങ്ങളായ ഈട്ടിത്തടിയിലെ ആനകള്‍, ഈട്ടിയിലും കുമ്പിള് തടിയിലും തീര്‍ത്ത വിവിധതരം ശില്പങ്ങള് ,പിച്ചളയിലും ഓടിലും ഉള്ള ഗൃഹാലങ്കാര വസ്തുക്കള്‍ അതിപുരാതന കാലം മുതലുള്ള നെട്ടൂര്‍ പെട്ടി, ലോക പൈതൃക പട്ടികയില്‍ സ്ഥാനം നേടിയ ആറന്മുളകണ്ണാടി തുടങ്ങി തനതായ കേരളീയ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ കരകൗശല മേഖലയിലെ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളായ ശാന്തിനികേതന്‍ ബാഗുകള്‍ , ഘോഷയാര് ലൈസ് വര്‍ക്കുകള്‍ കോല്ഹപുരി ചെരുപ്പുകള്‍, ഗ്ലാസ് വര്‍ക്ക് ചെയ്ത മിഡി ടോപ്പ്, മധുര സാരികള്‍ ഹൈദരാബാദ് സാരികള്‍ ലക്നൗ ചിക്കന്‍ വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, ജൂട്ട്, കേരളത്തിലെ മണ്‍പാത്ര ഉല്പന്നങ്ങള്, മുത്ത് ,പവിഴം, മരതകം, മുതലായവയില്‍ തീര്‍ത്ത ആഭരണങ്ങള്‍, രാജസ്ഥാന് ബെഡ്ഷീറ്റുകള്‍, കണ്ണൂര്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ചാരുതയാര്‍ന്ന കരകൗശലവസ്തുക്കള്‍ മേളയിലുണ്ടാകും
3. ബി.എസ്.സി/ഡിപ്ലോമാ നഴ്സുമാരെ സ്കൈപ്പ് ഇന്റര്‍വ്യൂ ചെയ്യുന്നു
കൊച്ചി: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ ഫെബ്രുവരി ആറിന് സ്കൈപ്പ് ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം odepcmou@gmail.com ഇ-മെയിലില്‍ അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍ 0471-2329440/41/42/43/45.
4. കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷിക്ക് ധനസഹായം
കൊച്ചി: ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ നെല്‍കൃഷി പദ്ധതി (2015-2019) ലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്കോ, സ്വയം സഹായ സംഘങ്ങള്‍ക്കോ, ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ച് ഹെക്ടറില്‍ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കൈവശം ഉളളവരായിരിക്കണം. പാട്ടവ്യവസ്ഥയില്‍ അഞ്ച് വര്‍ഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കണം. പദ്ധതി പ്രകാരം വികസിപ്പിക്കുന്ന കൃഷിയിടത്തിന്റെ പുറം ബണ്ടുകളില്‍ കണ്ടല്‍തൈകള്‍ വെച്ചു പിടിപ്പിച്ച് ബണ്ട് സംരക്ഷിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. അപേക്ഷാ ഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 28-ന് വൈകിട്ട് അഞ്ചിന് മുമ്പായി എറണാകുളം ഓഫീസില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ നേരിട്ടോ, ഫോണ്‍ മുഖേനയോ (0484-2665479) ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം റീജിയണല്‍ എക്സിക്യൂട്ടീവ് അഡാക്ക്, എറണാകുളം സി.സി,90/3907 പെരുമാനൂര്‍.പി.ഒ, കനാല്‍ റോഡ്, തേവര, കൊച്ചി-15.
5. ദിശ കമ്മിറ്റി യോഗം 7-ന്
കൊച്ചി: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വിലയിരുത്തുന്നതിനുളള ദിശ കമ്മിറ്റി 2018-19 സാമ്പത്തിക വര്‍ഷത്തെ അവസാനപാദ യോഗം ഫെബ്രുവരി ഏഴിന് രാവിലെ 10.30 ന് എറണാകുളം ഗവ:ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ ചേരും.
6. ഉത്സവം 2019 നാളെ (ഫെബ്രുവരി 1) മുതല്‍
കൊച്ചി: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാടന്‍കലകളുടെ ഉത്സവം ' ഉത്സവം 2019 ഫെബ്രുവരി 1 , 2 ,3 തിയ്യതികളില്‍ ഫോര്‍ട്ട് കൊച്ചി വാസ്കോഡ ഗാമ സ്ക്വയറില്‍ നടക്കും. കേരളീയ തനതുകലകള്‍ പ്രദര്ശിപ്പിക്കാന്ന ഉത്സവം പതിനൊന്നാമത് എഡിഷനാണ് ഈവര്‍ഷം. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും കൊച്ചിന് ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നാടിന്റെ പൈതൃക സ്വത്തായ കലാരൂപങ്ങളുടെ പുനരുജ്ജീവനത്തിനും കലാകാരന്മാരെ ആദരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കെ ജെ മാക്സി എംഎല്‍എ ഉദ്ഘാടനംചെയ്യും. ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മുഖ്യാതിഥിയാകും. ടൂറിസം എറണാകുളം ജോയിന്റ് ഡയറക്ടര്‍ കെ പി നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും . സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി മാത്യു ചടങ്ങില്‍ അധ്യക്ഷനാകും. ഫെബ്രുവരി ഒന്നിന് വൈകീട്ട് 6.30 ന് പുലികളി , തെയ്യം ഫെബ്രുവരി രണ്ടിന് വൈകിട്ട് ആറിന് കളമെഴുത്തുംപാട്ടും കളരിപ്പയറ്റും ഫെബ്രുവരി മൂന്നിന് വൈകീട്ട് ആറിന് നാടന്‍ പാട്ടുകള്‍ എന്നിവ നടക്കും. വിശദവിവരങ്ങള്‍ക്ക് 9847 33 2200, 0484 2367334 എന്ന നമ്പറില്‍ ബന്ധപ്പെടണം.
7. സംശയ നിവാരണത്തിനായി ഇലക്ഷന് കമ്മീഷന്റെ കോള്‍ സെന്റെര്
കാക്കനാട്:ഇലക്ഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്കാന് ഇലക്ഷന് കമ്മീഷന്റെ കോള്‍ സെന്റെര്. കമ്മീഷന് നിലവില്‍ വന്ന വര്‍ഷമായ 1950 ആണ് കോള്‍ സെന്റെര് നമ്പര്‍. ടോള്‍ ഫ്രീ നമ്പറായ 1950ല്‍ വിളിച്ചാല്‍ ഇലക്ഷന് സംബന്ധിച്ച സംയശങ്ങള്ക്ക് പുറമേ പരാതികളും ബോധ്യപ്പെടുത്താന്‍ അവസരമുണ്ട്. ദേശീയ സമ്മതിദാന ദിനമായ ജനുവരി 25നാണ് കോള്‍ സെന്റെര് പ്രവര്‍ത്തനം ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാനാണ് കൂടുതല്‍ പേരും വിളിക്കുന്നതെന്ന് ഇലക്ഷന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പായുളള അവസാന വോട്ടര്‍ പട്ടിക തയ്യാറായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
8. മത്സരപരീക്ഷാ പരിശീലനം: തീയതി നീട്ടി
പിന്നോക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന മത്സരപരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിന്റെ (സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം 2018 -19) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 വരെ നീട്ടി.
- Log in to post comments