Skip to main content

ശ്രദ്ധേയമായി പോലീസ് നായ്ക്കളുടെ പ്രകടനം

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളോടനുബന്ധിച്ച് നാഗമ്പടത്ത് നടക്കുന്ന പ്രദര്‍ശന മേളയില്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി പോലീസ് നായകളുടെ അഭ്യാസ പ്രകടനം. ജില്ലാ ഡോഗ് സ്‌ക്വാഡിലെ ജില്‍, ബെയ്‌ലി, റീന, ഡോണ്‍ എന്നീ നായ്ക്കളാണ് വേദിയില്‍ പ്രകടനം കാഴ്ച വെച്ചത്. സദസിനെ അഭിസംബോധന ചെയ്ത് പുല്‍വാമ ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് നായ്ക്കള്‍ പ്രകടനം  ആരംഭിച്ചത്. പരിശീലകര്‍ നല്‍കുന്ന ശബ്ദം, ആംഗ്യം, എന്നിവ ശ്രദ്ധിച്ച് അവര്‍ മികച്ച പ്രകടനം അവതരിപ്പിച്ച് സദസിന്റെ കൈയടി നേടി. 

അഞ്ചു കസേരകളില്‍ ഒന്നിനടിയില്‍ വെച്ച ബോംബ് കൃത്യമായി കണ്ടെത്തിയും

മണം പിടിച്ചോടി അന്വേഷണത്തിലേക്കു സൂചന നല്‍കുന്ന വിധം കാണിച്ചും നായകള്‍ ശ്രദ്ധ നേടി. ക്രോസ്സ് വോക്കില്‍ തുടങ്ങി മയക്കുമരുന്നു വെച്ച ബാഗ്  കണ്ടെത്തിയും ഇരുകാലുകളില്‍ ഉയര്‍ന്നു നിന്നും ആക്ഷന്‍ ഡ്രില്‍ നടത്തിയുമാണ് പ്രകടനം അവസാനിപ്പിച്ചത്.

മോഷണം, കൊലപാതകം തുടങ്ങിയ കേസുകള്‍ കണ്ടെത്തുന്നതില്‍ മിടുക്കനാണ് ജില്‍. ബോംബ് കണ്ടെത്തുന്നതില്‍ വിദഗ്ധരാണ് ബെയ്‌ലിയും റീനയും.

മയക്കുമരുന്ന് കേസുകളാണ് ഡോണിന്റെ മേഖല.സംസ്ഥാന തലത്തിലെ പൊലീസ് ഡ്യൂട്ടി മീറ്റില്‍ നിരവധി തവണ സമ്മാനം നേടിയ നായയാണ് ജില്‍. 

 

ജില്ലാ ഡോഗ് സ്‌ക്വാഡ്  ഇന്‍ ചാര്‍ജ് കെ.പി ജയരാജിന്റെ നേതൃത്വത്തില്‍ അനില്‍ കുമാര്‍, ബിജുകുമാര്‍, സജികുമാര്‍, ആന്റണി, ശിവപ്രസാദ്, കെ.വി പ്രേംജി, പ്രമോദ് തമ്പി എന്നിവരാണ് നായ്ക്കളെ  പരിശീലിപ്പിക്കുന്നത്.

(കെ.ഐ.ഒ.പി.ആര്‍-379/19) 

date