Skip to main content

പോൾ മാനേജർ മൊബൈൽ ആപ്പ് ട്രയൽ റൺ നടത്തി

 

ആലപ്പുഴ: വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ വളരെ വേഗം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ലഭ്യമാക്കുന്നതിനും ഉടൻ നിർദ്ദേശങ്ങൾ നല്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ പോൾ  മാനേജർ മൊബൈൽ ആപ്പിന്റെ ട്രയൽ റൺ ജില്ലയിൽ സംഘടിപ്പിച്ചു.  വോട്ടെടുപ്പിന് തലേദിവസം വിതരണ കേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥസംഘം പുറപ്പെടുന്നതു മുതൽ വോട്ടെടുപ്പ് അവസാനിച്ച് വോട്ടിങ് മെഷീനുകൾ  സ്വീകരണ കേന്ദ്രത്തിൽ തിരിച്ചെത്തിക്കുന്നതുവരെയുള്ള 19 ചോദ്യങ്ങളാണ് ആപ്പിൽ  പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.  ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിൽ ഉള്ള ഈ മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ, സെക്ടർ ഓഫീസർമാർ എന്നിവരാണ് പ്രധാനമായും ഈ ആപ്പ് ഡൗൺലോഡ് ചെയ്തു ഉപയോഗിക്കേണ്ടത് . പോളിങ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ പുറപ്പെട്ട്  തിരിച്ചെത്തുന്നത് വരെയുള്ള വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തണം. മൊബൈൽ നമ്പർ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് ഈ ആപ്പിൽ ലോഗിൻ ചെയ്യാം.  ഇതിനായി ഉദ്യോഗസ്ഥർ അവരുടെ ഫോൺ നമ്പർ ശരിയായിട്ടാണ്  രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. പോളിങ് ബൂത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഉദ്യോഗസ്ഥർ അവരുടെ നമ്പർ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം അതത് വിതരണ കേന്ദ്രങ്ങളിൽ ലഭ്യമായിരിക്കും.  

ഒ.ടി.പി. വരുന്ന ഫോണിൽ നിന്ന് തന്നെ ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് നിർബന്ധമല്ല. പോളിംഗ് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ് .ഇൻറർനെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ആപ്പ് പ്രവർത്തിക്കാനുള്ള ഡാറ്റാ ബാലൻസ് ഉണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ് .പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പോൾ മാനേജർ ആപ്പിൽ പരിശീലനം നൽകുന്നതിന് ഇന്ന് (ഏപ്രിൽ 18 ന് ) രാവിലെ 10ന് സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ എ ആർ ഓ മാരുടെ ജീവനക്കാർക്കും സെക്ടർ ഓഫീസർമാർക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്. പോൾ മാനേജർ ആപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ ചുമതലകൾ നിയന്ത്രിക്കുന്നത് എൻ.ഐ.സി  ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ പി . പാർവ്വതീദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. 

 

date