ജില്ലയിലെ മഴക്കാലപൂർവ്വ ശുചീകരണത്തിന് മെയ് 10 ന് തുടക്കമാകും
ജില്ലയിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ മെയ് 10, 11, 12 തീയതികളിലായി നടക്കുമെന്ന് തദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. ടൗൺഹാളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അധ്യക്ഷനായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് തലത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ എകോപിപ്പിച്ചാണ് ശുചീകരണ യജ്ഞം. ക്ലബുകൾ, സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെ ബഹുജനപങ്കാളിത്തം ഉറപ്പുവരുത്തും. മാലിന്യ സംസ്‌കരണം, കൊതുക് നിവാരണം, ശുചീകരണം എന്നീ പ്രവൃത്തികൾ യജ്ഞത്തിന്റെ ഭാഗമാക്കും. വീടുകളിലും, പൊതു സ്ഥലങ്ങളിലും, പൊതുസ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തികൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് .
വാർഡ് തല സമിതികൾ വഴി പ്രവർത്തനങ്ങളുടെ ആസൂത്രണവും എകോപനവും നടത്തും. ഇതിനായി വാർഡ് തല സമിതികൾ ശക്തിപ്പെടുത്തും. ശുചീകരണ യജ്ഞത്തിനായി സമഗ്ര കർമ്മ പദ്ധതി വാർഡ് തലത്തിൽ രൂപീകരിക്കും. ഗ്രാമപഞ്ചായത്തുതലത്തിൽ വാർഡൊന്നിന് 25000 രൂപയും നഗരസഭാ തലത്തിൽ വാർഡൊന്നിന് 35000 രൂപയുമാണ് ഫണ്ട് വകയിരുത്തുന്നത്. ഈ ഫണ്ട് ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നും എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പഞ്ചായത്തുതല ആലോചനാ യോഗം മെയ് ഏഴിന് ചേരും. ഇതിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തും. മെയ് എട്ടിന് വാർഡ് തല യോഗങ്ങൾ ചേർന്ന് കർമ്മ പദ്ധതിക്ക് അന്തിമരൂപം നൽകും. ജില്ലയിലെ പ്രവർത്തനങ്ങളുടെ എകോപന ചുമതല മന്ത്രിമാരായ എ.സി. മൊയ്തീൻ, അഡ്വ. വി.എസ്. സുനിൽകുമാർ എന്നിവർക്കാണ്. ബിജു പ്രഭാകർ ഐ.എ.എസ്. ആണ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ. നിയോജകമണ്ഡലങ്ങളിൽ എം.എൽ.എമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ജില്ലാതല ഉദ്യോഗസ്ഥർക്കും നിയോജകമണ്ഡലാടിസ്ഥാനത്തിൽ ചുമതലയുണ്ട്. സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. എം.എൽ.എമാരായ കെ. രാജൻ, ബി.ഡി. ദേവസി, മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ മാസ്റ്റർ, ഗീതാ ഗോപി, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, തദ്ദേശസ്വയംഭരണ സ്ഥാപനഅധ്യക്ഷൻമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments