ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെയ് 16ന് ഡെങ്കി ദിനം ആചരിക്കും
ആരോഗ്യ ജാഗ്രത കലണ്ടര്‍ പ്രകാരം മെയ് 16 ന് ജില്ലാ അടിസ്ഥാനത്തില്‍ ഡെങ്കി ദിനമായി ആചരിക്കും. ഡെങ്കി പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 16 മുതല്‍ തുടക്കമാകും. ഇത് സംബന്ധിച്ച് ജില്ലാ തലത്തില്‍ നടപ്പിലാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി.
മെയ് 16 രാവിലെ 11 വരെ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് അവരവരുടെ ഓഫീസുകളിലും ചുറ്റുപാടുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്ന് ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട വകുപ്പുകളെ സംയോജിപ്പിച്ച് ഇന്റര്‍ സെക്ടറല്‍ മീറ്റിങ് സംഘടിപ്പിക്കും. ഉച്ചക്ക് ശേഷം ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ലാസുകളും സംഘടിപ്പിക്കും.
മെയ് 17ന് തോട്ടങ്ങളിലും പറമ്പുകളിലും കൊതുകിന് വളരാന്‍ സഹായകരമായ രീതിയില്‍ ഉപേക്ഷിക്കപ്പെട്ട ചിരട്ടകള്‍ പാളകള്‍ എന്നിവ നീക്കം ചെയ്തിട്ടുണ്ടോ എന്ന് പരിശോധന നടത്തും. ഇതിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തോട്ടമുടമകളുടെ യോഗം വിളിച്ച് ചേര്‍ക്കാനും പ്രതിരോധമാര്‍ഗ്ഗങ്ങള്‍ അറിയിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മെയ് 18ന് അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്ന് മെയ് 20,21 ദിവസങ്ങളില്‍ സംയോജിത കൊതുക് നിയന്ത്രണ പരിപാടികള്‍ വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. മുന്‍ കാലങ്ങളില്‍ കാര്യമായ തോതില്‍ പകര്‍ച്ചപ്പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ പ്രത്യേകമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിനായി കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍, ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും.
- Log in to post comments