Skip to main content

സുരക്ഷിതരാക്കാം നമ്മുടെ കുട്ടികളെ

 

 

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പോലീസിനു പുറമെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലും പരാതി അറിയിക്കാം. കൂടാതെ കുട്ടികളുടെ സുരക്ഷിതത്വത്തിനും അവകാശ സംരക്ഷണത്തിനുമായുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ വിവിധ പദ്ധതികളും പ്രയോജനപ്പെടുത്താം. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഈയിടെ കൂടിവരുന്ന സാഹചര്യത്തിലാണ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 

പരാതിപ്പെടേണ്ടത് ഇങ്ങനെ 

 

-പരാതി എഴുതി നല്‍കിയോ ആരെന്ന് വെളിപ്പെടുത്താതെയോ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഓഫീസില്‍ വിവരങ്ങള്‍ അറിയിക്കാം.

-ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ 0491 2531098, 8281899468 എന്നീ നമ്പറുകളിലാണ്് വിവരം അറിയിക്കേണ്ടത്്.  

-വിവരം നല്‍കുന്ന ആളെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.                                                                                                                                                                                     

-അംഗന്‍വാടി പ്രവര്‍ത്തകര്‍, അധ്യാപകര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പോലീസ്, സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹൗസിങ് കോളനി പ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ തുടങ്ങിയവരുടെ ശ്രദ്ധയില്‍പെടുത്തുന്നതിലൂടെയും ശിശു സംരക്ഷണ യൂണിറ്റിന് വിവരം നല്‍കാനാകും.

 

കാണാതാവുകയോ അലഞ്ഞുതിരിയുകയോ ഒറ്റപ്പെട്ടതോ ആയ കുട്ടികളെ കണ്ടെത്തി അവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ലൈംഗിക, ശാരീരിക, മാനസിക പീഡനത്തിന് ഇരയാകുന്ന കുട്ടികള്‍, ബാലവേല, ബാലഭിക്ഷാടനം, ശൈശവ വിവാഹം എന്നിവയ്ക്ക് ഇരയാകുന്ന കുട്ടികള്‍, കടുത്ത  ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികള്‍, സ്‌കൂളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന കുട്ടികള്‍ എന്നിവരെ കണ്ടെത്തി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തുടര്‍നടപടികള്‍ സ്വീകരിച്ചു പോരുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് പഠനം തുടരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ചു വരുന്നുണ്ട്. ജില്ലാതലത്തില്‍ ദത്തെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് കുട്ടികളെ വളര്‍ത്താന്‍ സാധിക്കാത്ത കുടുംബങ്ങളിലെ കുട്ടികളെ മറ്റൊരു കുടുംബത്തില്‍ വളര്‍ത്തുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതി ജില്ലാതലത്തില്‍ നടപ്പിലാക്കി വരികയും കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഗവണ്‍മെന്റ്, ഗവണ്‍മെന്റിതര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തലും മേല്‍നോട്ടവും യൂണിറ്റ്് നടത്തുന്നുണ്ട്. കൂടാതെ ജില്ലാ, ബ്ലോക്ക,് പഞ്ചായത്ത് തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ രൂപീകരണവും പ്രവര്‍ത്തനവും ഉറപ്പുവരുത്തുകയും ആവശ്യമുള്ള കുട്ടികള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ,് നിയമസഹായം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

 

ഫോസ്റ്റര്‍ കെയര്‍ പദ്ധതി : ജില്ലയില്‍ നിലവില്‍ 11 കുട്ടികള്‍ക്ക് സംരക്ഷണം

 

ജില്ലയില്‍ നിലവില്‍ ദീര്‍ഘകാല ഫോസ്റ്റര്‍ കെയറിലൂടെ ഏഴ് കുട്ടികളുടെയും വെക്കേഷന്‍ പോസ്റ്റര്‍ കെയറിലൂടെ 4 കുട്ടികളുടെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖേന ഉറപ്പുവരുത്തുന്നുണ്ട്. ദീര്‍ഘകാല ഫോസ്റ്റര്‍ കെയര്‍, വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍, കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ എന്നീ മൂന്ന് രീതികളിലാണ് കുട്ടികളുടെ സംരക്ഷണം നടപ്പിലാക്കുന്നത്. അനാഥാലയത്തില്‍ കഴിഞ്ഞുവരുന്നതോ മാതാപിതാക്കളുടെ സംരക്ഷണമില്ലാത്തതോ ആയ കുട്ടികളെ മറ്റുകുടുംബങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാന്‍ നല്‍കുന്നതാണ് ദീര്‍ഘകാല ഫോസ്റ്റര്‍ കെയര്‍. അവധിക്കാലത്തു മാത്രമായി സംരക്ഷണം നല്‍കുന്നതാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍. കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയറിലൂടെ ഇത്തരം കുട്ടികളെ അവരുടെ ബന്ധുക്കളെ തന്നെ സംരക്ഷിക്കാനായി ഏല്‍പ്പിക്കുന്നുമുണ്ട് . കൂടുതലും അനാഥാലയത്തില്‍ കഴിഞ്ഞുവന്നിരുന്ന കുട്ടികളായതിനാല്‍ ഇവര്‍ക്ക് കുടുംബാന്തരീക്ഷത്തെപറ്റി അറിയാനും അനുഭവിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

date