കെയര്‍ഹോം പദ്ധതിയിലൂടെ പ്രിയയ്ക്ക് വീടൊരുങ്ങി
പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി സഹകരണ വകുപ്പ് നടപ്പാക്കിയ കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി ആറന്മുള സഹകരണബാങ്ക് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ എം ജി പ്രമീള നിര്‍വഹിച്ചു. ഇടശേരിമല കൈപ്രാത്തലയ്ക്കല്‍ പ്രിയയ്ക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്. കളക്ടര്‍ക്ക് ലഭിച്ച അപേക്ഷകളില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരമുള്ളവര്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. അഞ്ച് ലക്ഷം രൂപ ചെലവില്‍ 500 സ്‌ക്വയര്‍ ഫീറ്റിലാണ് കെയര്‍ ഹോം പദ്ധതി പ്രകാരം വീട് നിര്‍മിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഫണ്ടിന് പുറമെ പുറത്തു നിന്നുള്ള സഹായങ്ങള്‍ കൂടി സമാഹരിച്ചാണ് പ്രിയയുടെ വീട് പൂര്‍ത്തീകരിച്ചത്. രണ്ട് മുറിയും ഒരു ഹാളും അടുക്കളയും ചേരുന്നതാണ് വീട്.
കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 114 വീടുകള്‍ നിര്‍മിക്കുന്നതിനായി തീരുമാനിക്കുകയും 64 സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. സഹകരണ വകുപ്പ് നാല് ലക്ഷം രൂപയും, റവന്യു വകുപ്പ് 95100 രൂപയും ഉള്‍പ്പടെ 4,95100 രൂപ മുതല്‍ മുടക്കിലാണ് വീട് നിര്‍മാണം. 114 വീടുകളില്‍ 110 വീടുകള്‍ ഇതുവരെ പൂര്‍ത്തിയാക്കി. ബാക്കിയുളളവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുകയാണ്. (പിഎന്‍പി 1398/19)
- Log in to post comments