കണക്കുകള്‍ കൃത്യമായിരിക്കണം; സ്ഥാനാര്‍ത്ഥികള്‍ക്കും പ്രതിനിധികള്‍ക്കും പരിശീലനം നല്‍കി
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ കണക്ക് സൂക്ഷിക്കുന്നതു സംബന്ധിച്ച് സ്ഥാനാര്‍ത്ഥിക്കും ഇലക്ഷന്‍ ഏജന്റിനും എക്‌സ് പെന്റീ ച്ചര്‍ ഏജന്റിനും പരിശീലനം നല്‍കി. തെരഞ്ഞെടുപ്പ് പൊതു നിരീക്ഷക സുഷമ ഗൊഡ്‌ബൊലെ, എഡിഎം കെ അജേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്ഥാനാര്‍ത്ഥികള്‍ ചെലവ് കണക്കുകള്‍ സൂക്ഷിക്കേണ്ട വിധം സ്ഥാനാര്‍ത്ഥികള്‍ക്കും പ്രതിനിധികള്‍ക്കും വിശദീകരിച്ചു നല്‍കി.
28 ലക്ഷം വരെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവഴിക്കാന്‍ സാധിക്കുക. വരണാധികാരി വിതരണം ചെയ്ത ഇലക്ഷന്‍ എക്‌സ്‌പെന്റിച്ചര്‍ രജിസ്റ്ററില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ രേഖപ്പെടുത്തണം. ഈ വിവരങ്ങള്‍ എക്‌സ്‌പെന്റീച്ചര്‍ മോണിറ്ററിങ് സെല്ലിന്റെ നിരീക്ഷണത്തില്‍ സൂക്ഷിക്കുന്ന ഷാഡോ ഒബ്‌സര്‍വേഷന്‍ രജിസ്റ്ററുമായി ഒത്തു നോക്കി വിലയിരുത്തും. ഇതിനായി സ്ഥാനാര്‍ത്ഥികള്‍ ഈ മാസം 9,14,18 എന്നീ തിയ്യതികളില്‍ സെല്‍ മുമ്പാകെ ഹാജരാകണം. രണ്ട് രജിസ്റ്ററുകള്‍ തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയാല്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കേണ്ടതുണ്ട്. ചെലവു കണക്കുകള്‍ കമ്മീഷന്‍ നിര്‍ദേശിച്ച മാതൃകയില്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരേ ജനപ്രാധിനിത്യ നിയമ പ്രകാരം തുടര്‍നടപടി സ്വീകരിക്കും. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മറ്റും സ്വീകരിക്കുന്ന ഫണ്ടുകളുടെ കൃത്യമായ രേഖകളും പണമിടപാടുകള്‍ക്ക് വൗച്ചറുകളും സൂക്ഷിക്കണം.
ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസര്‍ കൂടിയായ ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, അസിസ്റ്റന്റ് എക്‌സ്‌പെന്റിച്ചര്‍ ഒബ്‌സര്‍വര്‍ ടി ഇ ജനാര്‍ദ്ദനന്‍ ക്ലാസെടുത്തു.
- Log in to post comments