വന അദാലത്തില്‍ 108 പരാതികള്‍ തീര്‍പ്പാക്കി; 16.65 ലക്ഷം നഷ്ടപരിഹാരമായി നല്കി
സംസ്ഥാന വനം-വന്യജീവി വകുപ്പ് സംഘടിപ്പിച്ച ജില്ലാതല വന അദാലത്തില്‍ ലഭിച്ച 180 പരാതികളില്‍ 108 പരാതികള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി 16.65 ലക്ഷം രൂപയുടെ നഷ്ടപരിഹാര ഉത്തരവും മന്ത്രി അഡ്വ. കെ. രാജു നേരിട്ട് പരാതിക്കാര്‍ക്കു കൈമാറി. സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ്ലൈഫ് ഡിവിഷനുകളില്‍ യഥാക്രമം ലഭിച്ചത് 83, 36, 61 വീതം പരാതികളാണ്. സൗത്ത് വയനാട് ഡിവിഷനില്‍ 7.48 ലക്ഷവും നോര്‍ത്ത് വയനാട് ഡിവിഷനില്‍ 2.65 ലക്ഷവും വൈല്‍ഡ്ലൈഫ് ഡിവിഷനില്‍ 6.52 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്കി.
ഭൂമി സംബന്ധമായതടക്കമുള്ള 38 പരാതികള്‍ നിരസിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 34 പരാതികളില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. വന അദാലത്തില്‍ നേരിട്ടെത്തിയ 62 പരാതികളില്‍ ഒരുമാസത്തിനുള്ളില്‍ തീര്പ്പുകല്പ്പിക്കാനും മന്ത്രി നിര്‍ദേശം നല്കി. ഓരോ അപേക്ഷ സംബന്ധിച്ച ഉത്തരവുകളും തീരുമാനങ്ങളും അദാലത്ത് വേദിയില്‍ തന്നെ പരാതിക്കാര്‍ക്ക് കൈമാറുകയും വിശദാംശങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു.
വന്യ ജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. വന്യജീവി ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം പത്തു ലക്ഷം രൂപയാക്കി ഉയര്‍ത്തിയതായും കൃഷി നാശ നഷ്ടപരിഹാരം ഇരട്ടിയാക്കിയതായും മന്ത്രി പറഞ്ഞു. ഈ ഉത്തരവുകള്‍ക്ക് മുന്‍കാല പ്രാബല്യ മില്ലെന്നും മന്ത്രി വ്യക്തമാക്കി. മരം മുറിച്ചുമാറ്റല്‍, വഴിപ്രശ്നം തുടങ്ങിയവും അദാലത്തില്‍ എത്തി. സെപ്റ്റംബര്‍ 25 വരെ ജില്ലയിലെ വിവിധ വനം ഓഫീസുകള്‍ വഴിയും ഇ-മെയില്‍ വഴിയുമാണ് പരാതികള്‍ സ്വീകരിച്ചത്. പരാതികള്‍ വിശദമായി പരിശോധിക്കാനും അദാലത്ത് കാര്യക്ഷമമാക്കാനുമായി പരാതികള്‍ മുന്‍കൂട്ടി സ്വീകരിക്കുകയായിരുന്നു.
മാനന്തവാടി ബേഗൂര്‍ റെയ്ഞ്ചിലുള്‍പ്പെട്ട ഒണ്ടയങ്ങാടിയില്‍ സ്വഭാവിക വനമായി മാറിയ പ്ലാന്റേഷന് മുറിച്ചുമാറ്റുമ്പോള്‍ പകരം ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെട്ട സ്വാഭാവിക വന നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ഇത്സംബന്ധിച്ച് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി. തടിമില്ലുകളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നിലവിലെ സാഹചര്യങ്ങളില്‍ പരിഗണിക്കാന്‍ സാധിക്കുകയില്ലെന്നും പ്രശ്ന പരിഹാര സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
ഭൂവിഷയം ഒഴികെയുള്ള വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് വന അദാലത്ത് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സംഘടിപ്പിക്കുന്നത്.
- Log in to post comments