കളിക്കളം സ്കൂള്‍ കായിക മേള നാളെ കൊടിയേറും
• 24,25,26 തീയതികളില്‍ കാര്യവട്ടത്ത്
• 1,200ലധികം കുട്ടികള്‍ പങ്കെടുക്കും
പട്ടിക വര്‍ഗവികസനവകുപ്പിനു കീഴിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ കായിക മാമാങ്കം കളിക്കളത്തിന് നാളെ(നവംബര്‍ 24) തുടക്കം. കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ നാളെ രാവിലെ ഒമ്പതിന് മന്ത്രി കടകം പള്ളി സുരേന്ദ്രന് ഉദ്ഘാടനം നിര്‍വ്വഹിക്കും. 24,25,26 തീയതികളിലാണ് മേള. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേയും പ്രീമെട്രിക് ഹോസ്റ്റലുകളിലേയും വിദ്യാര്‍ഥികളുടെ കായികമികവ് കണ്ടെത്തുന്നതിനും മുഖ്യധാരയിലെത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് മേള നടത്തുന്നത്. 1200ലധികം കുട്ടികള്‍ വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കും. സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായി ഇത് അഞ്ചാംതവണയാണ് കളിക്കളം കായികമേള നടക്കുന്നത്. കാര്യവട്ടം എല്‍.എന്‍.സി.പി.ഇ.(ലക്ഷ്മിഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍), ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബ്് എന്നിവിടങ്ങളാണ് വേദികള്‍. മികച്ച ഓട്ടക്കാര്‍ക്കും നീന്തല്‍ താരങ്ങള്‍ക്കും പ്രത്യേക ട്രോഫികളും കൂടുതല്‍ മെഡല്‍ നേടുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് ഓവറാള്‍ ട്രോഫിയും സമ്മാനിക്കും. കബടി, ഫുഡ്ബോള്‍,ഖോ ഖോ മത്സരങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
26ന് വൈകിട്ട് നാലിന് പട്ടിക വര്‍ഗവികസന വകുപ്പ് മന്ത്രി എ.കെ.ബാലന് സമ്മാനദാനവും സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. വീരു എന്ന ആനക്കുട്ടിയാണ് മേളയുടെ ഭാഗ്യചിഹ്നം. തീംസോംഗ് ആലപിച്ചത് അന്‍വര്‍സാദത്തും ചിട്ടപ്പെടുത്തിയത് ബാലഗോപാലുമാണ്. ഒന്നിക്കാം മുന്നേറാം നവകേരളത്തിനായ് എന്നതാണ് സന്ദേശം.
(പി.ആര്.പി. 1264/2019)
- Log in to post comments