Skip to main content
ലൈഫ്മിഷൻ ജില്ലാതല കുടുംബ സംഗമം അവലോകന യോഗത്തിൽ  വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ സംസാരിക്കുന്നു

ജനകീയ ഉത്സവമാക്കാന്‍ ഒരുക്കം തുടങ്ങി ലൈഫ് ജില്ലാ സംഗമം 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം വിപുലമായ പങ്കാളിത്തത്തോടെ ജനകീയ ഉത്സവമാക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. ജനവരി 22ന് കലക്ടറേറ്റ് മൈതാനിയിലാണ് സംഗമം. ഉച്ചക്ക് രണ്ട് മണിക്ക് കലാപരിപാടികളോടെ സംഗമം ആരംഭിക്കും. മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ ശൈലജ ടീച്ചര്‍, എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച കുടുംബങ്ങള്‍, ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലെയും ജനപ്രതിനിധികള്‍, ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് സംഗമത്തില്‍ പങ്കെടുക്കേണ്ടത്.
ജില്ലയില്‍ ലൈഫ് പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങള്‍ പൂര്‍ണതയിലെത്തുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ 96.79 ശതമാനവും രണ്ടാം ഘട്ടത്തില്‍ 85 ശതമാനവും വീടുകള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. ചില സാങ്കേതിക കാരണങ്ങളാലും മറ്റും പണി പൂര്‍ത്തിയാകാത്തവയാണ് ബാക്കി. ഇവയുടെ പ്രവൃത്തി കൂടി എത്രയും വേഗം പൂര്‍ത്തിയാക്കണം. ജനവരി 31 നകം ഒന്നും രണ്ടും ഘട്ടങ്ങളിലെ മുഴുവന്‍ വീടുകളും നിര്‍മാണം പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ക്ക് കൈമാറാന്‍ കഴിയണം. ഇക്കാര്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണം. എല്ലാ തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതിനായി തീവ്രശ്രമം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. വീട് ലഭിച്ചവരും അതിനായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ സേവനവും സഹായങ്ങളും നല്‍കിയവരുമെല്ലാം ഒത്തുചേര്‍ന്ന് സന്തോഷം പങ്കിടുകയെന്നതാണ് ലൈഫ് സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ലൈഫ് സംഗമം ജനകീയ ഉത്സവമാക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയില്‍ വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പ്രദര്‍ശനവും ഒരുക്കും. ഓരോ വകുപ്പും നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ചുള്ളതായിരിക്കും പ്രദര്‍ശനം. വീട് ലഭിച്ചവര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ ഒരു വേദിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബന്ധപ്പെട്ട വകുപ്പുകളുടെ സ്റ്റാളും പ്രദര്‍ശനത്തില്‍ സജ്ജീകരിക്കും. ലൈഫ് വീടുകളുടെ പൂര്‍ത്തീകരണത്തിന് മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്ഥാപനം, പ്രവര്‍ത്തന മികവ് പുലര്‍ത്തിയ ഉദ്യോഗസ്ഥര്‍, സംഭാവനയായി വീടുകള്‍ നിര്‍മിച്ചുനല്‍കുകയും വിവിധ സേവനങ്ങള്‍ നല്‍കുകയും ചെയ്ത സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ പരിപാടിയുടെ ഭാഗമായി ആദരിക്കും.
തദ്ദേശസ്ഥാപന തലത്തിലും ബ്ലോക്ക് തലത്തിലുമുള്ള സംഗമങ്ങള്‍ നടന്നുവരികയാണ്. ഈ സംഗമങ്ങള്‍ ജനവരി 19നകം പൂര്‍ത്തിയാകും. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി, തൊഴിലുറപ്പ് പദ്ധതി ജോ. ഡയറക്ടര്‍ കെ എം രാമകൃഷ്ണന്‍, ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എ അനില്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date