പുഴയോരവാസികള്‍ക്ക് പ്ലാസ്റ്റിക് ബോധവല്‍ക്കരണം നല്‍കണം: മന്ത്രി ഇ പി ജയരാജന്‍
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണം നിലവില്‍ വന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്നത് തടയണമെന്നും പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ബോധവല്‍ക്കരണം നല്‍കണമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ പഴശ്ശി ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പഴശ്ശി കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പുഴയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞു കൂടി കുടിവെള്ളം മലിനമാക്കപ്പെടുന്നു എന്ന പരാതിയാണ് അദാലത്തില്‍ ലഭിച്ചത്. കൂമ്പാരമായി കിടന്നിരുന്ന മാലിന്യം പഞ്ചായത്ത് നീക്കം ചെയ്‌തെങ്കിലും വീണ്ടും പ്ലാസ്റ്റിക് നിക്ഷേപം തുടരുന്നതിനാല്‍ പുഴ മലിനീകരിക്കപ്പെടുകയാണ്. ഇതേതുടര്‍ന്ന് ഒരു പ്രയോഗിക മാര്‍ഗം എന്ന നിലയിലാണ് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്.
കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിക്ക് ലഭിച്ച പരാതിയില്‍ പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാന്‍ സമര്‍പ്പിച്ച 13 പരാതികളില്‍ 2 എണ്ണം പരിഹരിച്ചു. 11 എണ്ണം ന്യായമായ ആവശ്യങ്ങള്‍ ആണെങ്കിലും നിലവിലെ നിയമപരിധിയില്‍ ഉള്‍പ്പെടുന്നവ അല്ലാത്തതിനാല്‍ അവരെ ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ട കണക്കെടുപ്പില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
അദാലത്തില്‍ സിവില്‍ സപ്ലൈസ്, ഇറിഗേഷന്‍, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് 100 ഓളം പരാതികളാണ് ലഭിച്ചത്. 80 പരാതികള്‍ പഞ്ചായത്തിന് മുന്‍കൂട്ടി ലഭിച്ചു. ഇവയില്‍ ഭൂരിഭാഗവും പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ളവ സര്‍ക്കാര്‍ തലത്തില്‍ പരിഹരിച്ച് ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ചികിത്സാ ധനസഹായവുമായി ബന്ധപ്പെട്ട പരാതികള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച് വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. മട്ടന്നൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഇതുവരെ നടന്ന അദാലത്തുകളില്‍ ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് പടിയൂര്‍ ഗ്രാമപഞ്ചായത്തിലാണ്. ഇത് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പഞ്ചായത്ത് കാര്യക്ഷമമായി ഇടപെടുന്നത് കൊണ്ടാണെന്നും അത് തുടരണമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് കെ ശ്രീജ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എം മോഹനന്‍, സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍ സ്ഥിരംസമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
കൂടാളി ഗ്രാമപഞ്ചായത്തില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ നൂറിലേറെ പരാതികള്‍ മന്ത്രിക്ക് മുന്നിലെത്തി. പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നവരെല്ലാം അതിനോടനുബന്ധിച്ച് മഴവെള്ള സംഭരണികള്‍ക്കൂടി നിര്‍മ്മിക്കുന്നത് ഉചിതമായിരിക്കുമെന്ന് അദാലത്തില്‍ മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, ലൈഫ് പദ്ധതി, പ്രളയദുരന്തവുമായി ബന്ധപ്പെട്ട പരാതികള്‍, ബാങ്ക് വായ്പകള്‍, റോഡ്, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയാണ് അദാലത്തില്‍ പരിഗണിച്ചത്. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് പി പി നൗഫല്‍ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി കെ രാജന്‍ സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments