Skip to main content

മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും ---- ലൈഫ് മിഷന്‍ ജില്ലാതല കുടുംബ സംഗമം 18ന്

സമ്പൂര്‍ണ്ണ പാര്‍പ്പിട മിഷനായ ലൈഫിന്‍റെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ വീടു ലഭിച്ചവരുടെ ജില്ലാതല കുടുംബ സംഗമം ജനുവരി 18ന് തെള്ളകം ചൈനത്യ പാസ്റ്ററല്‍ സെന്‍ററില്‍ നടക്കും. പദ്ധതിയില്‍ സംസ്ഥാനത്ത് രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി  നടത്തുന്നതിന് മുന്നോടിയായി ജില്ലയില്‍ ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളില്‍ നടന്നുവരുന്ന സംഗമങ്ങളുടെ സമാപനച്ചടങ്ങായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 10ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ സംഗമത്തിന്‍റെ ഉദ്ഘാടനവും ജില്ലയിലെ 5700 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും നിര്‍വഹിക്കും. ലൈഫ് മിഷന്‍റെ നിര്‍വഹണത്തില്‍ മികവു പുലര്‍ത്തിയ തദ്ദേശഭരണ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിക്കും.

പരിപാടിയുടെ നടത്തിപ്പിനായി മന്ത്രി പി. തിലോത്തമന്‍ രക്ഷാധികാരിയായ സംഘാടക സമിതിക്ക് രൂപം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമാണ്. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അധ്യക്ഷനായിരുന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലില്‍, ലിസമ്മ ബേബി, ജില്ലാ പഞ്ചായത്തംഗങ്ങളായ സണ്ണി പാമ്പാടി, ജയേഷ് മോഹന്‍, ലൈഫ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ ശുചിത്വ കലന്‍ഡര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജില്ലാ കളക്ടര്‍ക്കു നല്‍കി പ്രകാശനം ചെയ്തു.

date