വ്യവസായ രംഗത്തെ പുതിയ കാഴ്ചപ്പാടുകൾ വിശദീകരിച്ച് അസെൻഡ് 2020 യിലെ സെമിനാറുകൾ
കൊച്ചി: വ്യവസായ രംഗത്ത് ഏറ്റവും പുതിയ പ്രവണതകളും സാധ്യതകളും അവ പ്രയോജനപ്പെടുത്താനുള്ള വഴികളും അസെൻഡ് 2020 ആഗോള നിക്ഷേപക സംഗമത്തിന്റെ രണ്ടാം ദിവസം ചർച്ച ചെയ്തു. പരമ്പരാഗത സോഫ്റ്റ് വെയറുകളെല്ലാം വരും നാളുകളിൽ കാലഹരണപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയ വിദഗ്ധർ ഈ രംഗത്ത് ഓരോ സംരംഭകനും ശ്രദ്ധ പുലർത്തേണ്ട മേഖലകളും ചൂണ്ടിക്കാട്ടി. നിരവധി പുതു തലമുറ ഹാർഡ് വെയർ ഉല്പനങ്ങൾ കൊച്ചിയിൽ നിന്ന് ഉപ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇവക്ക് ആഗോള തലത്തിൽ തന്നെ വലിയ ഉപഭോക്താക്കളുണ്ടെന്ന് നെസ്റ്റ് ഗ്രൂപ്പ് ചീഫ് ടെക്നിക്കൽ ഓഫീസർ സുരേഷ് നായർ ചൂണ്ടിക്കാട്ടി. ആശയവും കർമശേഷിയുമുള്ള സംരംഭകർക്ക് ഈ മേഖലയിലേക്ക് കടന്നു വന്ന് നേട്ടം ഉണ്ടാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ആർട്ടിഫിഷ്യൽ ഇൻറലിജന്റ്സ് , മഷീൻ ലേണിംഗ് . , സൈബർ സെക്യൂരിറ്റി എന്നിവ സ്വായത്തമാക്കുകയും പരിശീലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു . ഇന്ത്യയിൽ നാലുതരത്തിലുള്ള സ്റ്റാർട്ട് അപുകളാണ് വിപ്ലവകരമായ മാറ്റങ്ങൾക്ക് കളമൊരുക്കുന്നതെന്ന് ഫ്ലൂച്ചറ ഡിസിഷൻ സയൻസസിന്റെ ചീഫ് ഡാറ്റാ സയന്റിസ്റ്റ് ഡെറിക് ജോസ് പറഞ്ഞു. റോബോട്ടിക്ക്‌സ്, വെഹിക്കിൾ , സെൻസറിംഗ്, സ്പേസ് തുടങ്ങിയ മേഖലകളിലാണ് അവ. കേരളത്തിലും ഈ രംഗത്ത് നേട്ടമുണ്ടാക്കാൻ പറ്റുന്ന നിരവധി സംരംഭകർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവക്ക് വളക്കുറുള്ള മണ്ണും കേരളത്തിലെ വ്യവസായ മേഖലയിൽ സജ്ജമാണ്. ഇത് പ്രയോജനപ്പെടുത്താൻ സംരംഭകർ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. വരും കാലങ്ങളിൽ വ്യവസായ രംഗം കടന്നു പോകുന്ന മാറ്റങ്ങളുടെ വിവിധ ഘട്ടങ്ങൾ ഡിജിറ്റൽ വിഭാഗം പാർട്ണർ സുശാന്ത് റാബ്റ വിശദീകരിച്ചു.
- Log in to post comments