റീ ബിൽഡ് കേരള: അഭിപ്രായങ്ങൾ പങ്കുവച്ച് വ്യവസായികൾ
കൊച്ചി: റീ ബിൽഡ് കേരളയിൽ സംസ്ഥാനം സ്വീകരിക്കേണ്ട മാതൃകകൾ ചൂണ്ടിക്കാട്ടി വ്യവസായ രംഗത്തെ പ്രമുഖർ. അസെൻഡ് 2020 ആഗോള നിക്ഷേപക സംഗമ വേദിയിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. വിവിധ വ്യവസായ സംഘടനാ പ്രതിനിധികൾ തങ്ങളുടെ അഭിപ്രായങ്ങൾ ചർച്ചയിൽ പങ്കുവച്ചു. റവന്യു ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി വി.വേണു വിഷയാവതരണം നടത്തി.
പ്രളയ സമയങ്ങളിൽ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കാൻ സമയോചിതമായി ഇടപെടാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് സ് പ്രതിനിധികൾക്കു കഴിഞ്ഞതായി അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻ കുട്ടി ഹാജി പറഞ്ഞു. ഈ രംഗത്ത് കൂടുതൽ സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ ആയുർവേദ ചെടികൾ വച്ചുപിടിപ്പിക്കേണ്ടതും മരുന്നു വ്യവസായത്തിൽ ഇവയുടെ ലഭ്യത ഉറപ്പു വരുത്തേണ്ടതുമാണെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്ടർ അസോസിയേഷൻ ഓഫ് ഇന്ത്യ ജോയിന്റ് ജനറൽ മാനേജർ പി.രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രകൃതിദുരന്തങ്ങൾ പല ചെടികളുടെയും ലഭ്യത കുറച്ചു. അത്തരം പ്രദേശങ്ങളിൽ ഇത് വീണ്ടും വച്ചു പിടിപ്പിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കണം. കുടുബശ്രീ പോലുള്ള സംഘങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി ദുരന്തങ്ങൾ എയർപോർട്ടുകളെ ബാധിക്കുന്നത് ടൂറിസം മേഖലക്ക് തിരിച്ചടിയാണെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ പ്രതിനിധി അനീഷ് കുമാർ അഭിപ്രായപ്പെട്ടു. മലയോര മേഖലകളിലെ മണ്ണിടിച്ചിലും റോഡ് തകർച്ച തുടങ്ങിയ പ്രശ്നങ്ങൾ ടൂറിസം മേഖലക്ക് തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ജനങ്ങളുടെ സുരക്ഷക്ക് മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. സ്കൂളുകളിൽ കുറഞ്ഞത് രണ്ട് അധ്യാപകരെങ്കിലും സുരക്ഷാ പ്രവർത്തനങ്ങളിൽ അവബോധം ഉണ്ടായിരിക്കണം. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികൾ, കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ , മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
- Log in to post comments