Skip to main content

താലൂക്ക് തലത്തില്‍ എല്ലാ മാസവും അദാലത്ത് സംഘടിപ്പിക്കും: ജില്ലാ കലക്ടര്‍

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവരുടെ പ്രദേശത്തു പോയി നേരിട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും താലൂക്ക് തലത്തില്‍ മാസത്തില്‍ ഒരു തവണയെങ്കിലും പൊതുജന സമ്പര്‍ക്ക പരിപാടികള്‍ നടത്തുമെന്നും  ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. തലശ്ശേരി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭര്‍ത്താവിന്റെ ആറുമാസത്തെ സര്‍ക്കസ് പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാനുണ്ടെന്ന പരാതിയുമായി എത്തിയ ടി ഷീജക്ക് പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ അദാലത്തില്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നഗരസഭാ പരിധിയില്‍ വരുന്ന ചാലില്‍ നായനാര്‍ കോളനിയില്‍  വീട്കള്‍ നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യവുമായി 24പേര്‍ ഒപ്പിട്ടു നല്‍കിയ പരാതിയില്‍ എത്രയും വേഗം പ്രശ്‌നപരിഹാരം കാണണമെന്ന് നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. 12 വര്‍ഷം മുമ്പാണ് കോളനി നിവാസികളായ 48  പേര്‍ക്ക് വീട്  നിര്‍മ്മിച്ച് നല്‍കാമെന്ന ഉറപ്പിന്‍മേല്‍ വീടുകള്‍ പൊളിച്ചു മാറ്റിയത്. എന്നാല്‍ ഒന്നാം ഘട്ടത്തില്‍  24  പേര്‍ക്ക് മാത്രമാണ് വീട് ലഭ്യമായത്.  സ്ഥല പരിമിതിയും ഫണ്ടിന്റെ അഭാവവുമാണ് വീട് നിര്‍മ്മിക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നതെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.
ഔദാര്യ പെന്‍ഷനുമായി ബന്ധപ്പെട്ട കെ വേലായുധന്റെ പരാതിയില്‍ ഇയാള്‍ ഔദാര്യ പെന്‍ഷന് അര്‍ഹനല്ലാത്തതിനാല്‍  വാര്‍ധക്യ പെന്‍ഷന്‍ അനുവദിച്ചു കൊണ്ട് പരാതി തീര്‍പ്പാക്കി. ബസ് റൂട്ട് അനുവദിക്കുന്നതുമായി ബന്ധപെട്ട് ലഭിച്ച പരാതിയില്‍ ആര്‍ ടി എ മീറ്റിങ്ങില്‍ പരിഗണിക്കാനും നിര്‍ദേശം നല്‍കി.  
61 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 34 എണ്ണം തീര്‍പ്പായി. ശേഷിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തീരുമാനമായി. പഞ്ചായത്തുകളും നഗരസഭയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ എത്തിയത്.
കലക്ടറുടെ നേതൃത്വത്തില്‍ തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍  തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ ഹാരിസ് റഷീദ്, തഹസില്‍ദാര്‍ ടി കെ മോഹനന്‍, നഗരസഭ പഞ്ചായത്ത് സെക്രട്ടറിമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ പങ്കെടുത്തു.

date