Skip to main content

കാരമുട്ടുകാര്‍ക്ക് ആശ്വാസമായി പമ്പ് ഹൗസ് പ്രവര്‍ത്തനമാരംഭിച്ചു

ആലപ്പുഴ: വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമായിട്ടും ശുദ്ധജല ക്ഷാമം മൂലം വലഞ്ഞിരുന്ന കരുവാറ്റ കാരമുട്ട് പ്രദേശത്തെ ജനങ്ങളുടെ കഷ്ടപ്പാടിന് അറുതിയാകുന്നു.പ്രദേശത്തെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി പമ്പ് ഹൗസ് പ്രവര്‍ത്തന സജ്ജമായി. കാരമുട്ട് പ്രദേശത്തെ ദുരിതമകറ്റാനായി കരുവാറ്റ ഗ്രമപഞ്ചായത്ത് 18 ലക്ഷം രൂപ ചെലവഴിച്ചാണ് ശുദ്ധജല പദ്ധതി പൂര്‍ത്തീകരിച്ചത്.
പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ഭരണസമിതിയുടേയും പ്രദേശവാസികളുടേയും കൂട്ടായ പ്രവര്‍ത്തന ഫലമായാണ് പ്രദേശവാസികളുടെ ദീര്‍ഘ നാളത്തെ ആവശ്യമായ പമ്പ് ഹൗസിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായത്. നാട്ടുകാരനായ ജോര്‍ജ്ജ് ജോസഫ് കുറഞ്ഞ വിലക്ക് വസ്തു വിട്ടു നല്‍കിയതും പദ്ധതി ആരംഭിക്കുന്നതിന് ഏറെ സഹായകരമായെന്ന് പഞ്ചായത്തംഗം പി ലേഖ പറഞ്ഞു.എത്തിപ്പെടാന്‍ ജങ്കാറിനേയും കടത്തു വള്ളത്തേയും ആശ്രയിക്കേണ്ട കാരമുട്ട് ദ്വീപില്‍ ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം കാരമുട്ട് നിവാസികള്‍ ഏറെ നാളായി അനുഭവിച്ചിരുന്നു. 500ഓളം കുടുംബങ്ങളാണ് ദ്വീപിലുള്ളത്. പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ ശുദ്ധജലക്ഷാമത്തിന് പൂര്‍ണ്ണ പരിഹാരമാകും. പമ്പ് ഹൗസിന്റെ പ്രവര്‍ത്തനോദ്ഘാടനം നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചിരുന്നു.

date