ജില്ലയില്‍ 4.36 ലക്ഷം കുട്ടികള്‍ക്ക് നാളെ വിരക്കെതിരെ ഗുളിക നല്‍കും
ദേശീയ വിരമുക്തി ദിനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളും അംഗന്‍വാടികളും വഴി ~ഒന്നു മുതല്‍ 19 വരെ വയസുള്ള കുട്ടികള്‍ക്ക് നാളെ (ഫെബ്രുവരി 8) വിരക്കെതിരെ ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ലൂര്‍ദ്ദ് പബ്ലിക് സ്കൂളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ പ്രസിദ്ധ സിനിമ ബാലതാരം മീനാക്ഷി അനൂപിന് ഗുളിക നല്കി കൊണ്ട് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി, മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഡോ.പി.ആര് സോന, ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷന്‍ അഡ്വ.സണ്ണി പാമ്പാടി തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയില്‍ 4,36,160 കുട്ടികള്‍ക്ക് ഗുളിക നല്‍കും. ജില്ലയിലെ 926 സ്കൂളുകള്‍, 279 പ്രീ-പ്രൈമറി സ്കൂളുകള്‍, 2050 അങ്കണവാടികള്‍, 56 ഡേകെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് ഗുളിക നല്‍കുന്നത്. അങ്കണവാടിയില്‍ പോകാത്ത കുഞ്ഞുങ്ങളും മറ്റ് സ്വകാര്യ നഴ്സറികളില്‍ പഠിക്കുന്ന കുട്ടികളും ഉച്ചസമയം അംഗന്‍വാടികളിലെത്തി മരുന്ന് കഴിക്കേണ്ടതാണ്.
ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. സാധാരണ വിരയിളക്കുന്നതിന് നല്‍കിവരുന്ന ആല്‍ബന്‍ഡസോള്‍ എന്ന ഗുളികയാണ് ഇതിന് ഉപയോഗിക്കുന്നത്. പനിയോ, ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്ന തരം മറ്റ് അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ നിര്‍ദ്ദേശിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിരക്കെതിരെ ഗുളിക കഴിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എല്ലാ കുട്ടികളും ഗുളിക കഴിക്കേണ്ടതാണ്. ഈ ഗുളികയ്ക്ക് യാതൊരുതര പാര്‍ശ്വഫലങ്ങളും പ്രതീക്ഷിക്കുന്നില്ല.
കേരളത്തില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തുല്യ അളവില്‍ തന്നെ മണ്ണില്‍ 48 ശതമാനത്തോളം വിര സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശപ്രകാരമാണ് ഭാരത സര്‍ക്കാര്‍ പരിപാടി കേരളത്തിലും നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ മൂന്ന് ഘട്ടങ്ങള്‍ 2016 ആഗസ്റ്റ്, 2017 ഫെബ്രുവരി, ആഗസ്റ്റ് മാസങ്ങളില്‍ നടന്നിരുന്നു.
(കെ.ഐ.ഒ.പി.ആര്-266/18)
- Log in to post comments