Skip to main content

മലയാളം പഠിക്കാൻ 563 ഇതര സംസ്ഥാന തൊഴിലാളികൾ; ക്ലാസുകൾ 11ന് തുടങ്ങും

സംസ്ഥാന സാക്ഷരതാ മിഷൻ ചിറക്കൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതിയായ  ചങ്ങാതി പദ്ധതിയിൽ പഠിതാക്കളായി 563 ഇതര സംസ്ഥാന തൊഴിലാളികളെ സർവേയിലൂടെ കണ്ടെത്തി. പഠിതാക്കൾക്കുള്ള ക്ലാസുകളുടെ ഉദ്ഘാടനം 11ന് രണ്ട് മണിക്ക് കാട്ടാമ്പള്ളി സ്‌കൂളിൽ നടക്കും. 

ചിറക്കൽ പഞ്ചായത്തിൽ സർവേയിലൂടെ കണ്ടെത്തിയ ആകെ ഇതര സംസ്ഥാന തൊഴിലാളികൾ 777 പേരാണ്. ഇതിൽ 611 (78.6 %) പുരുഷൻമാരും 166 (21.36 %) സ്ത്രീകളുമാണ്. ഇതിൽ 605 പുരുഷൻമാരും 160 സ്ത്രീകളും പഞ്ചായത്തിൽ തന്നെ താമസിച്ച്  ജോലി ചെയ്യുന്നവരാണ്. ആകെയുള്ള 777 പേരിൽ 607 പേരും (78.83 %) ഹിന്ദിയോ മലയാളമോ എഴുതുവാനും വായിക്കുവാനും അറിയാത്തവരാണ്. പഠിക്കുവാൻ താൽപര്യം പ്രകടിപ്പിച്ച 563 പേർക്കാണ് ആദ്യഘട്ടത്തിൽ ക്ലാസുകൾ ആരംഭിക്കുന്നത്. 

കണ്ടെത്തിയവരിൽ 233 പേർ തമിഴ് നാട് സ്വദേശികളും 182 പേർ ഒറീസ്സയിൽ നിന്നുള്ളവരും 12 പേർ ആന്ധ്ര സ്വദേശികളും 79 പേർ ആസ്സാമിൽ നിന്നുള്ളവരും 62 പേർ ബീഹാറിൽ നിന്നുള്ളവരും 56 പേർ ഉത്തർപ്രദേശുകാരും 88 പേർ ബംഗാളിൽ നിന്നുള്ളവരും 15 പേർ മധ്യപ്രേദേശുകാരും 13 പേർ ഡൽഹിക്കാരും അഞ്ചു പേർ കർണാടകക്കാരും രണ്ടു പേർ പഞ്ചാബിൽ നിന്നും ഒരാൾ വീതം ഗുജറാത്തിൽ നിന്നും പോണ്ടിച്ചേരിയിൽ നിന്നും ഉള്ളവരാണ്. കൂടാതെ അഞ്ചു പേർ നേപ്പാൾ സ്വദേശികളുമാണ്. സർവേയിൽ കണ്ടെത്തിയ 291 പേർ (37.45 %) മാത്രമാണ് കുടുംബമായി താമസിക്കുന്നത്. 

സർവേയിൽ കണ്ടെത്തിയവരിൽ 186 പേർ (24.15 %) ഇതുവരെ ഒരു സ്‌കൂളിലും പഠിക്കാത്തവരാണ്.  നാലിൽ താഴെ വിദ്യാഭ്യാസമുള്ളവർ 83 ഉം ഏഴിൽ താഴെ വിദ്യാഭ്യാസമുള്ളവർ 170 ഉം പത്തിൽ താഴെ വിദ്യാഭ്യാസമുള്ളവർ 232 ഉം പത്തിന് മുകളിൽ വിദ്യാഭ്യാസമുള്ളവർ 99 പേരുമാണ്. 

ഹിന്ദി, മലയാളം ഭാഷകളിൽ നിരക്ഷരരായവരിൽ 24 പേർ 15 ന് താഴെ പ്രായമുള്ളവരും 459 പേർ 15 നും 40 നും ഇടയിൽ പ്രായമുള്ളവരും 40 ന് മുകളിൽ പ്രായമുള്ളവർ 80 പേരുമാണ്. പഞ്ചായത്തിലെ 4, 5 വാർഡുകളിലാണ് (115, 107 ) ഏറ്റവുമധികം ഇതര സംസ്ഥാനതൊഴിലാളികൾ ഉള്ളത്. സാക്ഷരതാ മിഷൻ തയ്യാറാക്കിയ ഹമാരി മലയാളം പാഠാവലിയാണ് പഠനത്തിനായി ഉപയോഗിക്കുന്നത്. 

പി.എൻ.സി/389/2018

date