Skip to main content

കാനാമ്പുഴ അതിജീവനം: മാസ്‌റ്റര്‍ പ്ലാന്‍  ശില്‍പശാലയ്‌ക്ക്‌ തുടക്കമായി

കാനാമ്പുഴയെ പുനരുജ്ജീവിപ്പിക്കാന്‍ മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള ശില്‍പശാല കണ്ണൂരില്‍ തുറമുഖ, പുരാവസ്‌തു വകുപ്പ്‌ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. ജലസ്രോതസ്സുകളെ സംരക്ഷിക്കാന്‍ ബഹുമുഖ പരിപാടികള്‍ ആവശ്യമാണെന്ന്‌ മന്ത്രി പറഞ്ഞു. സംസ്‌ഥാനത്ത്‌ ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ആദ്യമായി ആരംഭിച്ചത്‌ കാനാമ്പുഴയിലാണ്‌. ഇതില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ തെക്കന്‍ കേരളത്തില്‍ വരട്ടാറിന്‍െറയും മറ്റും പുനരുജ്ജീവനം തുടങ്ങിയത്‌. ജില്ലക്ക്‌ തന്നെ അനുഗൃഹീതമാവുന്ന ജലസ്രോതസ്സാണ്‌ കാനാമ്പുഴ. കാലാവസ്‌ഥാ ഭേദം മൂലം കേരളം ഏതു സമയത്തും വരള്‍ച്ചയിലേക്ക്‌ നീങ്ങുകയാണ്‌. കാലവര്‍ഷം കൃത്യമായി ലഭിക്കുന്ന സ്‌ഥിതി നമുക്ക്‌ നഷ്‌ടമായിരിക്കുന്നു. അതിനാല്‍ ജലസ്രോതസ്സുകള്‍ പുതിയവ കണ്ടെത്തേണ്ടതും നിലവിലുള്ളവ സംരക്ഷിക്കേണ്ടതും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കാനാമ്പുഴയില്‍ ജലസാന്നിധ്യവും ജലത്തിന്‍െറ ഗുണനിലവാരവും ഉറപ്പാക്കണമെന്ന്‌ ഹരിതകേരളം കണ്‍സള്‍ട്ടന്‍റ്‌ എബ്രഹാം കോശി പറഞ്ഞു. പദ്ധതിയുടെ പ്രവൃത്തികള്‍ മുന്‍ഗണനാടിസ്‌ഥാനത്തില്‍ ഏറ്റെടുക്കണം. സാങ്കേതിക മികവുള്ള സുസ്‌ഥിര പദ്ധതികള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കൃഷി വികസനം, ടൂറിസം പ്രവൃത്തികള്‍, നെല്‍വയലുകളുടെ ജലസേചനം, ജലസംഭരണ മാര്‍ഗങ്ങള്‍ എന്നിവ മാസ്‌റ്റര്‍ പ്ലാനിന്‍െറ ഭാഗമായി ഉണ്ടാവുമെന്ന്‌ ജലസേചന വകുപ്പ്‌ ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍ കെ. ശ്രീലേഖ പറഞ്ഞു. പൊതുജനപങ്കാളിത്തത്തിലൂടെയും വകുപ്പുകളുടെ ഏകോപനത്തിലൂടെയും മികച്ച രീതിയില്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. കാനാമ്പുഴയുടെ നീര്‍ത്തടങ്ങളിലൂടെയുള്ള പഠനയാത്രക്ക്‌ ശേഷം വീണ്ടും യോഗം ചേര്‍ന്ന്‌ മാസ്‌റ്റര്‍ പ്ലാനിന്‌ അന്തിമ രൂപം നല്‍കുമെന്ന്‌ മണ്ണ്‌ സംരക്ഷണ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ എസ്‌. ബിജു അറിയിച്ചു. ഒരു പുഴയുടെ അതിജീവനത്തിനായുള്ള ജനകീയ കൂട്ടായ്‌മ ആദ്യമായി രൂപം കൊണ്ടത്‌ കാനാമ്പുഴയിലാണെന്നും അദ്ദേഹം പറഞ്ഞു.
2017 മാര്‍ച്ചില്‍ തുടങ്ങിയ കാനാമ്പുഴ അതിജീവന പദ്ധതിക്കായി ജലസേചന വകുപ്പ്‌ 49 കോടിയുടെ മാസ്‌റ്റര്‍പ്ലാന്‍ തയറാക്കിയിട്ടുണ്ട്‌. പദ്ധതിക്കായി സംസ്‌ഥാന ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്‌. നബാര്‍ഡില്‍നിന്ന്‌ സാമ്പത്തിക സഹായവും തേടും. ശില്‍പശാലയുടെ ഭാഗമായി നാല്‌ സംഘങ്ങളായി തിരിഞ്ഞ്‌ കാനാമ്പുഴയുടെ വിവിധ മേഖലകളില്‍ നീര്‍ത്തട സന്ദര്‍ശനം നടത്തി. ഫീല്‍ഡ്‌ സന്ദര്‍ശനം ഇന്ന്‌ (ഫെബ്രു. 9) തുടരും. 
മുണ്ടേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്‌ എ. പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എന്‍. ബാലകൃഷ്‌ണന്‍, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു. ബാബു ഗോപിനാഥ്‌, കാനാമ്പുഴ അതിജീവനം പദ്ധതി കണ്‍വീനര്‍ എന്‍. ചന്ദ്രന്‍, ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫോര്‍ വാട്ടര്‍ഷെഡ്‌ ഡവലപ്‌മെന്‍റ്‌ ആന്‍ഡ്‌ മാനേജ്‌മെന്‍റ്‌ കേരള ഡെപ്യൂട്ടി ഡയറക്‌ടര്‍ ആന്‍റണി ഓസ്‌റ്റിന്‍ എന്നിവര്‍ സംസാരിച്ചു.
പി.എന്‍.സി/386/2018

date