കോവിഡ് 19 പോത്ത്ബിരിയാണി കബീര്‍ക്കാന്റേത് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
പെരിനാട് ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഭക്ഷണശാലയിലെ ഹിറ്റ് ഭക്ഷണം കബീര്‍ക്കാന്റെ പോത്ത്ബിരിയാണിയാണ്. പെരിനാട്ടെ പേര് കേട്ട പാചകക്കാരനായ കബീറിന്റെ സ്‌പെഷ്യല്‍ പോത്ത് ബിരിയാണി ഒരു ദിവസത്തെ മെനു എന്ന നിലയിലാണ് പഞ്ചായത്ത് കമ്മിറ്റി ഉള്‍പ്പെടുത്തിയത്. എന്നാല്‍ ആവശ്യക്കാര്‍ ഏറിയതോടെ ഒന്നിടവിട്ട ദിവസങ്ങളില്‍ ബിരിയാണി തയ്യാറാക്കി നല്‍കുകയാണ് ഇപ്പോള്‍. ഞായറാഴ്ച്ച ദിവസത്തെ ബിരിയാണിക്കായി ബുക്കിംഗ് ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞു.
ആദ്യ ദിവസത്തെ ബിരിയാണിയുടെ വിറ്റുവരവായ 20000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് അധികൃതര്‍ കൈമാറി. ഒറ്റ ദിവസം കൊണ്ട് 450 ബിരിയാണിയാണ് വിറ്റുപോയത്. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ചെക്ക് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ വി പ്രസന്നകുമാര്‍, സെക്രട്ടറി വിനയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ. നമ്പര്‍. 1208/2020)
- Log in to post comments