Skip to main content

ഐ.ആര്‍.എസ് മല്ലപ്പള്ളി  താലൂക്ക്തല യോഗം ചേര്‍ന്നു 

 

 

ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം(ഐ.ആര്‍.എസ്) മല്ലപ്പള്ളിയില്‍ താലൂക്ക്തല യോഗം ചേര്‍ന്നു. മിനി സിവില്‍ സ്റ്റേഷന്‍ മല്ലപ്പള്ളി  താലൂക്ക് ഓഫീസിലാണു യോഗം ചേര്‍ന്നത്. മഴക്കാല പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.  പ്രകൃതി ദുരന്തമുണ്ടായാല്‍ അതിനായി പ്രവര്‍ത്തിക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ബന്ധപ്പെടേണ്ടവരുടെ പേരും ഫോണ്‍ നമ്പറുമുള്‍പ്പെടെയുള്ളവ കരുതണം. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഉണ്ടാകണം. മഴയുടെ അളവനുസരിച്ച് അലര്‍ട്ടുകള്‍ ഉണ്ടാകും. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ ഉണ്ടാകണം. അനൗണ്‍സ്‌മെന്റ്, ക്യാമ്പുകള്‍, ആളുകളെ മാറ്റിത്താമസിപ്പിക്കണ്ട പ്രവര്‍ത്തനങ്ങള്‍, ആളുകള്‍ക്കുള്ള ഭക്ഷണം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കണം. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ താലൂക്ക്തലത്തില്‍ ആദ്യം വെള്ളംകയറുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തി വയ്ക്കണം. പോലീസിനെയും റെസ്‌ക്യൂ ഉദ്യോഗസ്ഥരേയും അറിയിക്കേണ്ട കാര്യങ്ങള്‍ തഹസീല്‍ദാറിന്റെ നേതൃത്വത്തില്‍ അറിയിക്കണം. രക്ഷാ സജീകരണ പ്രവര്‍ത്തനങ്ങളും പുനരധിവാസവും ഉള്‍പ്പെടെയുള്ള ചുമതല ഏറ്റെടുക്കണം. രക്ഷാപ്രവര്‍ത്തനത്തിനായുള്ള ഉപകരണങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണം. ആവശ്യമായ ഉപകരണങ്ങള്‍ കൈവശം ഉണ്ടെന്ന് ഉറപ്പു വരുത്തണം. പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി മല്ലപ്പള്ളി പഞ്ചായത്തിന് വള്ളം വാങ്ങുവാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും റെസ്‌പോണ്‍സിബിള്‍ ഓഫീസറായ എല്‍.എ ഡെപ്യുട്ടി കളക്ടര്‍ എസ്.എച്ച് സജികുമാര്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം, കല്ലൂപ്പാറ വില്ലേജുകളിലാണ് വെള്ളം കയറിയത്.എഴുമറ്റൂര്‍ കരമല എന്ന സ്ഥലത്ത്  മണ്ണിടിച്ചിലിനു സാധ്യതയുണ്ട്.  താലൂക്ക് ആസ്ഥാനത്ത് എമര്‍ജന്‍സി സെന്റര്‍ പ്രവര്‍ത്തിക്കണം.  വിവരങ്ങള്‍ ഉദ്യോഗസ്ഥരുമായി കൈമാറുന്നതിനായി  എമര്‍ജന്‍സി ഒപ്പറേഷന്‍ സെന്റര്‍ (ഇ.ഒ.സി ) ഉണ്ടാകണമെന്നും റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍ അറിയിച്ചു.

താലൂക്ക്തല അടിയന്തരഘട്ട പ്രവര്‍ത്തന സംവിധാനത്തില്‍(ഐ.ആര്‍.എസ്) മല്ലപ്പള്ളി താലൂക്കിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ റെസ്പോണ്സിബിള്‍ ഓഫീസര്‍, മല്ലപ്പള്ളി തഹസീല്‍ദാര്‍, ബി.ഡി.ഒ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, മീഡിയ ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date