ഡെങ്കിപനിയെ നേരിടാൻ 'ജില്ലയിൽ സീറോ ഈഡിസ് ' ക്യാമ്പയിൻ
മെയ് 16 ദേശീയ ഡെങ്കു ദിനമായി ആചരിക്കുകയാണ്. "ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം" എന്നതാണ് ഇത്തവണത്തെ ഡെങ്കു ദിന സന്ദേശം .
ജില്ല ഇന്ന് അതീവ മാരകമായ കോവിഡ് 19 പകർച്ചവ്യാധിക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ഈ സന്ദർഭത്തിൽ മാരകമായ മറ്റൊരു പകർച്ച വ്യാധിയായ ഡെങ്കിപനിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ അല०ഭാവ० ഉണ്ടാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു० പ്രതിസന്ധിക്കു० കാരണമാകുന്നതാണ്.അപ്രതീക്ഷിതമായി വന്ന കോവിഡു० നാട്ടിൽ എന്നു० എപ്പോഴു० പ്രതീക്ഷിക്കാവുന്ന ഡെങ്കിപനിയു० വ്യത്യസ്ഥ രീതിയിലാണ് നമുക്ക് നേരിടാനുള്ളത്.കൊതുകുജന്യമായ ഡെങ്കിപനിയെ തടയാനു० നിയന്ത്രിക്കാനു० ആവശ്യമായ മാർഗങ്ങളു० തന്ത്രങ്ങളും ഓരോ വ്യക്തിക്കും കുടു०ബത്തിനു० സമൂഹത്തിനു० കാലങ്ങളായി ആരോഗ്യ വകുപ്പ് നൽകി വരുന്നുണ്ട്.
വീടു० പരിസരവു० പൊതുസ്ഥലങ്ങളു० വൃത്തിയായി സൂക്ഷിക്കുക എന്ന സാമാന്യവു० ലളിതവുമായ ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ ഓരോ വ്യക്തിയു० തയ്യാറായാൽ മാത്രം മതി ഡെങ്കിപനിയെ ഇല്ലാതാക്കാൻ.കോവിഡ് പിടിച്ച് അവശരായ ജനതക്ക് മറ്റൊരു പകർച്ച വ്യാധിയുണ്ടക്കുന്ന ദുരന്ത० കൂടി സഹിക്കാനുള്ള ശാരീരിക സാമ്പത്തിക ശേഷി ഉണ്ടാകുമെന്ന് തോന്നുന്നില്ല .സൂചികൊണ്ട് എടുക്കാൻ പറ്റാവുന്നതിനെ തൂമ്പകൊണ്ട് എടുക്കേണ്ടുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത് അങ്ങേയറ്റ० അപകടകരമാണ്. ഡെങ്കിപനി പരത്തുന്ന ഈഡിസ് കൊതുകുകൾ വീട്ടിലും, പരിസരത്തുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്.ചുറ്റുമുള്ള പാഴ്വസ്തുക്കളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമല്ല, എസിയുടെയും, ഫ്രിഡ്ജിൻ്റെയും ട്രേ, വെള്ളം ശേഖരിച്ചുവെച്ചിരിക്കുന്ന പാത്രങ്ങൾ, സൺഷെഡ് , ടാർപാളിൻ, പൂച്ചെട്ടി, പൂച്ചെട്ടികളുടെ ട്രെ, മണിപ്ലാൻ്റ് പോലെഅലങ്കാര ചെടികൾ വെയ്ക്കുന്ന ചെടിചട്ടികൾ, വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്ലോസറ്റുകളിൽ കെട്ടികിടക്കുന്ന വെള്ളം എന്നിവയാണ് ആരോഗ്യ പ്രവർത്തകർ വീടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടത്തിയ പ്രധാന ഉറവിടങ്ങൾ . റബർ , പൈനാപ്പിൾ തോട്ടങ്ങളിലും കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഏറെയാണ്. പൈനാപ്പിളിൻ്റെ കൂമ്പ്, റബർ തോട്ടങ്ങളിൽ വീണു കിടക്കുന്നതു०, ടാപ്പിങ്ങിനു ശേഷം കമിഴ്ത്തി വെയ്ക്കാത്തതുമാ ചിരട്ടകൾ, റബർ തോട്ടങ്ങളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എന്നിവയിലു० വെള്ളം കെട്ടി കിടന്ന് കൊതുകു പെരുകുന്നതിനുള്ള സാദ്ധ്യതയു० കൂടുതലാണ്.
ലോക്ക് ഡൗൺ കാലമായതിനാൽ പൂട്ടി കിടക്കുന്ന സ്ഥാപനങ്ങളിൽ സാധന സാമഗ്രികളിലും മറ്റും കെട്ടികിടക്കുന്ന വെള്ളത്തിലും, ബ്രേക്ക് ദ .ചെയിൻ ക്യാമ്പയിൻ്റ ഭാഗമായി കൈകഴുകൽ സൗകര്യം ഒരുക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള അടപ്പില്ലാത്ത ബാരലുകളിലും കൊതുക് വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആയതിനാൽ സ്ഥാപനങ്ങളിലും വീടുകളിലും,ആഴ്ചയിലൊരിക്കൽ ഉറവിടനശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. പൂച്ചെട്ടികളിൽ വെള്ളം കെട്ടികിടക്കാതിരിക്കാനു०ശ്രദ്ധിക്കണം. പൂച്ചെട്ടിയുടെ ട്രേ, മണി പ്ലാൻ്റ പോലെയുള്ള അലങ്കാര ചെടികൾ വെയ്ക്കുന്ന ചട്ടികളിലെ വെള്ളം, ആഴ്ചയിലൊരിക്കൽ മാറ്റണം. ഉപയോഗിക്കാത്ത ക്ലോസറ്റ് ആഴ്ചയിലൊരിക്കൽ ഫ്ലഷ് ചെയ്യണം. റബർ തോട്ടത്തിൻ്റെ 200 മീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ ഇല്ലായെന്ന് ഉറപ്പു വരുത്തേണ്ടതാണ്. വീണു കിടക്കുന്ന ചിരട്ടകൾ നീക്കം ചെയ്യുകയു०, ടാപ്പിങ്ങിനു ശേഷം ചിരട്ടകൾ കമിഴ്ത്തിവെയ്ക്കുകയും വേണം. ഹാർബറുകളിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളിലും, തുറസ്സായ സ്ഥലങ്ങളിൽ വെച്ചിരിക്കുന്ന പെട്ടികളിലും കൊതുക് വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ ബോട്ടുകളിൽ കെട്ടി കിടക്കുന്ന വെള്ളം ആഴ്ചയിലൊരിക്കൽ ഒഴുക്കി കളയേണ്ടതും, പെട്ടികൾ ഉപയോഗിക്കാത്ത സമയത്ത് കമിഴ്ത്തി വെയ്ക്കുകയും വേണം.ഒരു കൊതുക് ഒരു സമയം 100-200 വരെ മുട്ടകൾ ഇടാം. മുട്ട വിരിഞ്ഞ് കൊതുകാവാൻ ഒരാഴ്ച സമയമെടുക്കും.
അതുകൊണ്ട് ആഴ്ചതോറുമുള്ള ഉറവിട നശീകരണം നടത്തിയാലേ ഡെങ്കിപ്പനി തടയുവാൻ സാധിക്കുകയുള്ളൂ. സമൂഹമൊന്നാകെ ഈ ഒരു ദൗത്യം സ്വമേധയാ ഏറ്റെടുത്താൽ മാത്രമെ ഡെങ്കിപ്പനിയെ ഫലപ്രദമായി തടയുവാൻ കഴിയുകയുള്ളു.
ആഴ്ചയിലൊരിക്കൽ വീടുകളിലും, സ്ഥാപനങ്ങളിലും ഉറവിട നശീകരണം എന്നത് ജീവിതചര്യയുടെ തന്നെ ഭാഗമാക്കണം. ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടു കൂടി 'സീറോ ഈഡിസ് എന്ന പ്രചരണത്തിന് ആഹ്വാനം ചെയ്യുന്നത്. മെയ് 16, 17 തീയതികളിൽ എല്ലാവരും അവരവരുടെ വീടുകളിൽ / സ്ഥാപനങ്ങളിൽ സ്വയം ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതാണ്. തുടർന്ന് എല്ലാ ആഴ്ചകളിലും ഇത് തുടരുകയു० വേണം. ഇടവിട്ടുള്ള വേനൽമഴ ഈഡിസ് കൊതുകിന് പെരുകാൻ അനുകൂല സാഹചര്യമായതിനാൽ ഈ ഒരു പ്രചരണ പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ട് .ജില്ലയിൽ 2020 ജനുവരി മുതൽ ' മെയ് 12 വരെ 37 സ്ഥിരീകരിച്ച ഡെങ്കു കേസുകളും, 288 സംശയിക്കുന്ന കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെങ്കു സ്ഥിരീകരിച്ച കേസുകൾ ഇപ്രകാരമാണ് :പായിപ്ര - 7,,കൊച്ചി നഗരസഭ പ്രദേശം - 6, മണീട് - 4, വാരപെട്ടി- 4, ആരക്കുഴ , ആയവന, കുമ്പളങ്ങി, കുന്നത്തുനാട് എന്നിവിടങ്ങളിൽ 2 വീതവും, അങ്കമാലി, എളങ്കുന്നപ്പുഴ , നെടുമ്പാശ്ശേരി, നായരമ്പലം, മൂവാറ്റുപുഴ, മഞ്ഞപ്ര, കോതമംഗലം വാഴക്കുളം എന്നിവിടങ്ങളിൽ ഓരോ കേസു വീതവു०. സംശയിക്കുന്ന ഡെങ്കി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തത് കൊച്ചി നഗരസഭാ പ്രദേശം (66) , വാരപ്പെട്ടി (59), കോതമംഗലം- ( 23), പായിപ്ര ( 22), ആയവന ( 10) എന്നിവിടങ്ങളിലാണ്.
ലോക്ക് ഡൗൺ കാലത്ത് കൂടുതൽ പേരും കൊറോണയെ പ്രതിരോധിക്കുന്നതിന് വീടുകളിൽ കഴിയുന്ന ഈ സമയത്ത് ഡെങ്കിപ്പനിക്കെതിരെയും കരുതൽ വേണം.വീടും പരിസരവും ശുചീകരിക്കുന്നതോടൊപ്പം കൊതുക് വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയും വേണം. വീടുകളിലും, സ്ഥാപനങ്ങളിലും കൊതുക് പെരുകുന്ന സാഹചര്യങ്ങൾ കണ്ടെത്തിയാൽ പൊതുജനാരോഗ്യ നിയമ പ്രകാരം പിഴ ഈടാക്കാവുന്ന കുറ്റമാണ്. കൊറോണയോടൊപ്പം, ഡെങ്കിപ്പനിയെയും സ്വയം പ്രതിരോധിക്കാൻ സീറോ ഈഡിസ്, പ്രചരണ പരിപാടിയിൽ പങ്കാളികളാകൂ. എൻ്റെ ആരോഗ്യം എൻ്റെ ഉത്തരവാദിത്വം എന്നത് നമുക്ക് യാഥാർഥ്യമാക്കാം.
ആരോഗ്യലുള്ള ജനതക്കു० നാടിനും വേണ്ടി പകർച്ച വ്യാധികൾക്കെതിരെയുള്ള പോരാട്ടത്തിൽ അണി ചേരുക.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം),
14/5/20
എറണാകുളം
- Log in to post comments