എസ്. ആർ. വി സ്കൂൾ പരിസരത്തെ വെള്ളക്കെട്ടും ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തണം : ജോൺ ഫെർണാണ്ടസ് എം. എൽ. എ
എറണാകുളം : എസ്. ആർ. വി സ്കൂൾ പരിസരത്തുണ്ടാവുന്ന വെള്ളക്കെട്ടും ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി പരിഹാരം കാണണമെന്ന് ജോൺ ഫെർണാണ്ടസ് എം. എൽ. എ ആവശ്യപ്പെട്ടു. എം. ജി റോഡിൽ നിന്ന് മൂന്ന് അടി താഴ്ചയിൽ സ്ഥിതി ചെയുന്ന സ്കൂൾ കോമ്പൗണ്ടിൽ ഒരു മഴയിൽ തന്നെ വെള്ളം കയറുകയും ഒഴുകി പോകാൻ സൗകര്യമില്ലാത്തതിനാൽ ദിവസങ്ങളോളം കെട്ടി നിൽക്കുകയും ചെയ്യും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ പ്രശ്നം വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ എല്ലാ മുറികളിലും ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിക്കുന്ന മുറികളിലും ആർ. ഡി. ഡി ഓഫീസ് പ്രവർത്തിക്കുന്ന മുറികളിലും വെള്ളം കയറുന്നതിനാൽ പഠനവും ഓഫീസ് പ്രവർത്തനങ്ങളും ബുദ്ധിമുട്ടിലാവുന്നുണ്ട്. കൂടാതെ വെള്ളക്കെട്ട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും കുട്ടികളെ ബുദ്ധിമുട്ടിക്കുന്നു. വർഷങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ആയി ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൽ ഉൾപ്പെടുത്തണമെന്ന സ്കൂൾ അധികൃതരുടെ അപേക്ഷ കളക്ടർക്ക് കൈ മാറിയതായും ജോൺ ഫെർണാണ്ടസ് എം. എൽ. എ പറഞ്ഞു.
- Log in to post comments