Skip to main content

ഡെങ്കിപ്പനി: ശ്രദ്ധിക്കേണ്ടവ

വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക.  ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വീട്ടിലും പരിസരത്തുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്. ഒരു കൊതുക് ഒരു സമയം 100-200 വരെ മുട്ടകള്‍ ഇടാം. മുട്ട വിരിഞ്ഞ് കൊതുകാവാന്‍ ഒരാഴ്ച സമയമെടുക്കും.
 ചുറ്റുമുള്ള പാഴ്‌വസ്തുക്കളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മാത്രമല്ല, എ സിയുടെയും ഫ്രിഡ്ജിന്റെയും ട്രേ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങള്‍, സണ്‍ഷെയ്ഡ്, ടാര്‍പാളിന്‍, പൂച്ചട്ടി, പൂച്ചട്ടികളുടെ ട്രേ, മണിപ്ലാന്റ് പോലെയുള്ള അലങ്കാര ചെടികള്‍ വയ്ക്കുന്ന ചെടിച്ചട്ടികള്‍, ഉപയോഗശൂന്യമായ ക്ലോസറ്റുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയും ഉറവിടങ്ങളാണ്.
പൈനാപ്പിളിന്റെ കൂമ്പ്, റബര്‍ തോട്ടങ്ങളില്‍ വീണു കിടക്കുന്നതും ടാപ്പിങിനു ശേഷം കമിഴ്ത്തി വെയ്ക്കാത്തതുമായ ചിരട്ടകള്‍, വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എന്നിവകളിലും വെള്ളം കെട്ടിക്കിടന്ന് കൊതുകു പെരുകുന്നതിനുള്ള സാധ്യത കൂടുതലാണ്.
ലോക്ക് ഡൗണ്‍ കാലമായതിനാല്‍ പൂട്ടി കിടക്കുന്ന സ്ഥാപനങ്ങളില്‍ സാധന സാമഗ്രികളിലും മറ്റും കെട്ടികിടക്കുന്ന വെള്ളത്തിലും റോഡുപണിക്കായി കൊണ്ടുവന്ന ടാര്‍ മിക്‌സിംഗ് പ്ലാന്റുകളിലും ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി കൈകഴുകാന്‍  സ്ഥാപിച്ചിട്ടുള്ള അടപ്പില്ലാത്ത ബാരലുകളിലും കൊതുകു വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സ്ഥാപനങ്ങളിലും വീടുകളിലും ആഴ്ചയിലൊരിക്കല്‍ ഉറവിടനശീകരണം നടത്തണം. ബോട്ടുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ആഴ്ചയിലൊരിക്കല്‍ ഒഴുക്കി കളയേണ്ടതും പെട്ടികള്‍ ഉപയോഗിക്കാത്ത സമയത്ത് കമിഴ്ത്തി വയ്ക്കുകയും വേണം.
ജില്ലയില്‍ ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടു കൂടി 'ബ്രേക്ക് ദ സൈക്കിള്‍ ക്യാമ്പയിന്‍ അവരവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതാണ്.
(പി.ആര്‍.കെ. നമ്പര്‍. 1396/2020)

 

date