Skip to main content

സുഭിക്ഷ കേരളം പദ്ധതി;   മുന്നൊരുക്കങ്ങള്‍  യുദ്ധകാല  അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കാര്‍ഷിക മേഖലയില്‍ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും  കോവിഡ്  19  രോഗബാധയെ തുടര്‍ന്ന് ഉണ്ടാകുവാന്‍  സാധ്യതയുള്ള ഭക്ഷ്യക്ഷാമം കണക്കിലെടുത്തും മുഖ്യമന്ത്രി പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ അവലോകനം ജില്ലാ ആസൂത്രണ സമിതിയുടെ  മേല്‍നോട്ടത്തില്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ്  പ്രോട്ടോക്കോളിന് വിധേയമായി ചേര്‍ന്നു.
  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എസ്  വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത്  അംഗങ്ങളായ  എം. ശിവശങ്കരപിള്ള, ഇ എസ് രമാദേവി, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം വിശ്വനാഥന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ഷാജി, വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥര്‍  എന്നിവര്‍ സന്നിഹിതരായി.
ജില്ലയില്‍ കൃഷിയോഗ്യമായ മൊത്തം  ഭൂമിയിലും പുതുതായി കൃഷി ഇറക്കാനും  പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ഇതിനായി തൊഴിലുറപ്പ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതി നടപ്പിലാക്കുന്നതിനും യോഗം തീരുമാനിച്ചു.  
ജില്ലയില്‍ ആവശ്യമായ  തൈകളും വിത്തുകളും ഉത്പാദിപ്പിക്കുന്നതിനും  കന്നുകാലി  ലഭ്യത ഉറപ്പു വരുത്തുന്നതിനും അടിയന്തിര നടപടി സ്വീകരിക്കാന്‍  ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ആവശ്യപ്പെട്ടു. ഇതുമായി ബന്ധപെട്ട് ജില്ലാതല  ഉദ്യോഗസ്ഥര്‍ കരട് കര്‍മ  പദ്ധതി വിശദീകരിച്ചു. സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മെയ് 25  നകം സമര്‍പ്പിക്കണമെന്നും 26  ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 

   (പി.ആര്‍.കെ.നമ്പര്‍. 1403/2020)

 

date