Skip to main content

വനിതാ ദിനത്തില്‍ മഞ്ചേരി എഫ്.എം പരിപാടികള്‍ വനിതാമയം

അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് രാവിലെ 6.23 മുതല്‍ രാത്രി 10 വരെ ആകാശവാണി മഞ്ചേരി എഫ്.എം 102.7ലെ പരിപാടികള്‍ വനിതാമയം. സ്ത്രീകള്‍ അവതരിപ്പിക്കുന്നതോ, അവരെക്കുറിച്ചുള്ളതോ ആയ പരിപാടികള്‍ മാത്രമാകും ഇവിടെ നിന്നുള്ള പ്രക്ഷേപണത്തില്‍ മുഴുവനും. പ്രഭാഷണങ്ങള്‍ മുതല്‍ തത്സമയ ഫോണ്‍ ഇന്‍ പരിപാടികള്‍ വരെ സ്ത്രീകള്‍ തന്നെ അവതരിപ്പിക്കുന്നത് മഞ്ചേരി നിലയത്തില്‍ ഇത് ആദ്യം.
എല്ലാ അവതാരകരും വനിതകള്‍ തന്നെയായിരിക്കും. രാവിലെ 6.30നു ആതിര നന്ദന്‍ അവതരിപ്പിക്കുന്ന സുഭാഷിതം,7.40നു 'കാവ്യധാര'യില്‍ കടമ്മനിട്ടയുടെ 'കുറത്തി'യുടെ ആലാപനം, 8.15നു സാമൂഹിക പ്രവര്‍ത്തകയും മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ.നൂന മര്‍ജ്ജ അവതരിപ്പിക്കുന്ന പ്രത്യേക 'എന്റെ ഗാനം' എന്നിവ കേള്‍ക്കാം. ചരിത്രത്തില്‍ ഇടം നേടിയ വനിതകളെക്കുറിച്ചുള്ളതാണു രാവിലെ 11 ന് സെവില്‍ ജിഹാന്‍ നയിക്കുന്ന 'ഹലോ യൂത്ത്'തത്സമയ പ്രശ്‌നോത്തരി.രാത്രി 8 മണിയ്ക്കുള്ള യുവവാണി റേഡിയോ ഗൈഡ്, ലോകപ്രശസ്ത വനിതകളെക്കുറിച്ചുള്ളതാണ്. അവതരണം ഫാത്തിമത്ത് റസ്ല. സ്ത്രീകള്‍ കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നുപറയുന്ന പ്രത്യേക ഫോണ്‍ ഇന്‍ പരിപാടി ഉച്ചയ്ക്ക് 2.16 മുതല്‍ 3.55 വരെ കേള്‍ക്കാം.
ഉച്ചയ്ക്ക് ഒന്നിന് പ്രത്യേക പരിപാടിയില്‍ ഗായിക കെ.എസ്.ചിത്ര അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത് തിരുവനന്തപുരത്ത് നിന്ന് റിലേ ചെയ്യുന്നു.
രാവിലെ 10.15 മുതല്‍ പ്രശസ്ത ഗായികമാരുടെ ഹിന്ദിചലച്ചിത്രഗാനങ്ങള്‍, രാവിലെ 9.30നും വൈകീട്ട് 5.05നുമുള്ള 'മഴവില്ല്',ഉച്ചയ്ക്ക് 12.05നുള്ള 'ഇശല്‍'തുടങ്ങിയ പരിപാടികളില്‍ പ്രമുഖ ഗായികമാരുടെ ലളിതഗാനങ്ങള്‍, നാടകഗാനങ്ങള്‍, ഗസലുകള്‍ തുടങ്ങിയവയും കേള്‍ക്കാം. രാവിലെയുള്ള ആരോഗ്യ പരിപാടികള്‍ അവതരിപ്പിക്കുന്നത് വനിതാ ഡോക്ടര്‍മാരായ അശ്വതി സോമനും ബി.ജെ.വന്ദനയുമാണ്. രാത്രി 9.30നുള്ള 'വിചാരധാര'യില്‍ അജിത്രി, 'മലയാള കവിതയിലെ പെണ്ണിടം'എന്ന വിഷയത്തെക്കുറിച്ച് മലപ്പുറത്ത്  നടത്തിയ പ്രസംഗത്തിന്റെ ശബ്ദലേഖനവും കേള്‍ക്കാം .9.45നുള്ള 'സംഗീതസുധ'യില്‍ എം.എസ്.സുബ്ബലക്ഷ്മി ആലപിച്ച കീര്‍ത്തനങ്ങളും കേള്‍ക്കാം.

 

date