Skip to main content

ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ കൂടി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചെറുതുരുത്തി ജി.എച്ച്.എസ്.എസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി നിർമ്മിച്ച മികവിന്റെ കേന്ദ്രം കെട്ടിടം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഞ്ച് കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. സംസ്ഥാനത്ത് 34 ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടങ്ങളാണ് 100 ദിവസത്തെ കർമ്മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 14 സ്‌കൂൾ കെട്ടിടങ്ങളുടെ പൂർത്തീകരണം കൂടി 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനം 3129 കോടി രൂപയാണ് മാറ്റിവെച്ചത്. 350ലധികം വിദ്യാലയങ്ങൾക്ക് പ്ലാൻ ഫണ്ട് ഉപയോഗിച്ചും അടിസ്ഥാന സൗകര്യം ഒരുക്കുന്നു.
എല്ലാ നിയോജക മണ്ഡലങ്ങളിലും പക്ഷപാതിത്വമില്ലാതെയാണ് സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ 24 വിദ്യാലയങ്ങൾ പൂർത്തിയായി. ബാക്കിയുള്ള സ്‌കൂളുകളുടെ കെട്ടിടം വേഗം തന്നെ പൂർത്തിയാക്കാൻ കഴിയണം. പണത്തിന് പ്രയാസമില്ല. ഇതിന് നാടിന്റെയും നാട്ടുകാരുടെയും സഹായം കൂടി വേണം.
എല്ലാ രീതിയിലും മെച്ചപ്പെട്ട പൊതുവിദ്യാഭ്യാസം സംസ്ഥാനത്തുണ്ടെന്നത് എല്ലാവരും സമ്മതിക്കുന്നതാണ്. ലോകത്തിന്റെ ഏത് ഭാഗത്തുള്ള സ്‌കൂളിനോടും കിട പിടിക്കുന്ന സ്‌കൂളാണ് നമ്മുടെ ഏത് ഗ്രാമത്തിലുമുള്ളത്. എട്ട് മുതൽ 12 വരെയുള്ള എല്ലാ ക്ലാസ് മുറികളും സാങ്കേതികവിദ്യാ സൗഹൃദമാക്കാൻ സാധിച്ചു. 45000 ക്ലാസ് മുറികളാണ് ഹൈടെക്കാക്കാൻ സാധിച്ചത്.
പലരും പകച്ചുനിന്നപ്പോൾ ജൂൺ ഒന്നിന് തന്നെ അക്കാദമിക് വർഷം ആരംഭിക്കാൻ നമുക്ക് സാധിച്ചു. ഓൺലൈൻ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ശരിയായ രീതിയിൽ ലഭ്യമാക്കാൻ ജാതി മത രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒരുമിച്ചു. ഓൺലൈൻ ക്ലാസുകൾ തന്നെ തുടർന്നു പോവുമെന്ന് ആരും ശങ്കിക്കേണ്ട. ക്ലാസ് മുറികൾ തുടങ്ങാൻ സൗകര്യം കിട്ടുമ്പോൾ തന്നെ നാം അതിലേക്ക് മാറും. ഒരു സംശയവും അതിൽ വേണ്ട. നീതി ആയോഗ് നടത്തിയ സ്‌കൂൾ എജുക്കേഷൻ ക്വാളിറ്റി ഇൻഡക്സിൽ നാം ഒന്നാമതെത്തിയത് എല്ലാവരുടെയും പങ്കാളിത്തത്തിന്റെയും ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചർ, ടി.പി. രാമകൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു.
സ്‌കൂളിൽ നടന്ന ചടങ്ങിൽ യു.ആർ. പ്രദീപ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.പി. രാധാകൃഷ്ണൻ അധ്യക്ഷനായി. കൈറ്റ് പ്രൊജക്ട് എൻജിനീയർ ടി.എ. വിഷ്ണുഘോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. തങ്കമ്മ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. ഗീത, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ പി.എ.മുഹമ്മദ് സിദ്ദീഖ്, ഡയറ്റ് ഫാക്കൽറ്റി ശ്രീകല, പ്രധാനാധ്യാപിക ഷൈനി ജോസഫ്, പ്രിൻസിപ്പൽ ഇൻ ചാർജ് സുനിത ജോൺ എന്നിവർ സംബന്ധിച്ചു.

date