തണ്ണീർമുക്കം വടക്ക് കയർ വ്യവസായ സഹകരണ സംഘത്തിൽ ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീൻ സ്ഥാപിച്ചു
ആലപ്പുഴ : തണ്ണീർമുക്കം വടക്ക് കയർ വ്യവസായ സഹകരണ സംഘത്തിൽ ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീൻ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് ഓൺലൈൻ വഴി നിർവഹിച്ചു. രണ്ടാം കയർ പുനഃസംഘടനയുടെ ഭാഗമായാണ് സംസ്ഥാനത്തെ 100 കയർ സംഘങ്ങളിൽ 1000 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകൾ സർക്കാർ സ്ഥാപിക്കുന്നത്.
കയർ വ്യവസായത്തിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള സർക്കാരിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് കയർ സംഘങ്ങളിൽ ഓട്ടോമാറ്റിക് സ്പിന്നിംഗ് മിഷൻ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളെന്ന് മന്ത്രി പറഞ്ഞു. നഷ്ടം ഉണ്ടാവാതെ ഏതൊരു വ്യവസായത്തെയും മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാറിന്റെ ഈ ശ്രമങ്ങൾക്കൊപ്പം തൊഴിലാളികളും അണി ചേരണമെന്ന് മന്ത്രി പറഞ്ഞു.
കയർപിരി മേഖലയിൽ യന്ത്ര സംവിധാനം നടപ്പാക്കുമ്പോൾ തൊഴിലാളികൾക്ക് പണി ഉണ്ടെന്ന് സർക്കാർ ഉറപ്പു വരുത്തും. ജോലി ചെയ്യുന്നതിന് പകരമായിരിക്കില്ല യന്ത്ര സംവിധാനം. യന്ത്രത്തിന്റെ സഹായത്തോടുകൂടി ഗുണമേന്മയുള്ള കയർ ഉൽപ്പന്നങ്ങൾ വിലകുറച്ച് ഉല്പാദിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളോട് മത്സരിച്ച് മികച്ച ലാഭം കൊയ്യുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
കയർമേഖലയുടെ നവീകരണം ലക്ഷ്യമിട്ടു കയർ വകുപ്പും സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ കയർപിരി മേഖലയുടെ തകർച്ചക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ പിടിച്ചു നിർത്തുവാനും യുവതലമുറയെ കൂടി ഈ മേഖലയിലേക്ക് കൊണ്ടുവരാനും യന്ത്രവത്കൃത സംവിധാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് തണ്ണീർമുക്കം വടക്ക് കയർ വ്യവസായ സഹകരണ സംഘത്തിൽ സ്പിന്നിങ് മെഷീൻ സ്ഥാപിച്ചത്. 10 മെഷീനുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. സ്പിന്നിങ് മെഷീന്റെ സ്വിച്ച് ഓൺ കർമ്മം കയർ മെഷീൻ മാനുഫാക്ചറിങ് കമ്പനി ചെയർമാൻ കെ പ്രസാദ് നിർവഹിച്ചു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ്, സംഘം പ്രസിഡന്റ് പി എസ് സന്തോഷ് കുമാർ, കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ സായ്കുമാർ, കയർഫെഡ് ഡയറക്ടർ ബോർഡ് അംഗം രാമാ മദനൻ, സംഘം സെക്രട്ടറി പി പ്രകാശൻ, പ്രൊജക്റ്റ് ഓഫീസർ കെ എസ് ഇന്ദിര തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments